സഞ്ജുവിന്റെ എട്ട് റണ്‍സില്‍ വിരാട് വീഴും; ചരിത്രനേട്ടത്തിനരികെ ചെന്നൈ മന്നന്‍
Cricket
സഞ്ജുവിന്റെ എട്ട് റണ്‍സില്‍ വിരാട് വീഴും; ചരിത്രനേട്ടത്തിനരികെ ചെന്നൈ മന്നന്‍
Sudev A
Friday, 17th April 2026, 7:13 pm

ഐ.പി.എല്ലില്‍ ഹാട്രിക് തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും വീഴ്ത്തിയ സി.എസ്.കെ നാളെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഹാട്രിക് വിജയമാണ് ലക്ഷ്യം വെക്കുന്നത്.

ആദ്യ മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ സെഞ്ച്വറി നേടി ശക്തമായി തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണില്‍ തന്നെയാണ് ചെന്നൈയുടെ പ്രതീക്ഷകള്‍. നാളെ ഓറഞ്ച് ആര്‍മിയുടെ തട്ടകത്തില്‍ കളത്തിലിറങ്ങുന്ന ചെന്നൈക്കൊപ്പം സഞ്ജുവിന് ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് കൈപ്പിടിയിലാക്കാനുള്ള സുവര്‍ണാവസരവുമുണ്ട്.

ഐ.പി.എല്‍ ചരിത്രത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സഞ്ജുവിന് വെറും എട്ട് റണ്‍സ് മാത്രം മതി.

ഓറഞ്ച് ആര്‍മിക്കെതിരെ 24 ഇന്നിങ്സില്‍ നിന്നും അഞ്ച് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 867 റണ്‍സാണ് മലയാളി താരം അടിച്ചെടുത്തത്. 45.63 ആവറേജില്‍ 139.18 പ്രഹരശേഷിയിലാണ് സഞ്ജു ബാറ്റ് വീശിയത്.

2019 സീസണില്‍ ആയിരുന്നു ഹൈദരാബാദിനെതിരെ സഞ്ജു സെഞ്ച്വറി നേടിയത്. 55 പന്തില്‍ പുറത്താവാതെ 102 റണ്‍സ് നേടി കൊണ്ടായിരുന്നു മലയാളി താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 185.45 സ്ട്രൈക്ക് റേറ്റില്‍ പത്ത് ഫോറുകളും നാല് സിക്‌സുകളുമാണ് സഞ്ജു അടിച്ചെടുത്തത്.

ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്ലിയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 25 മത്സരങ്ങളില്‍ നിന്നും 874 റണ്‍സാണ് കോഹ്ലി ഓറഞ്ച് ആര്‍മിക്കെതിരെ നേടിയിട്ടുള്ളത്. 636 റണ്‍സുമായി പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരും 626 റണ്‍സുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷബ് പന്തുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.

അതേസമയം ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവും മൂന്ന് തോല്‍വിയും അടക്കം നാല് പോയിന്റാണ് ഇഷാന്‍ കിഷന്റെയും സംഘത്തിന്റെയും അക്കൗണ്ടിലുള്ളത്.

Content Highlight: Sanju Samson Need 8 runs to create a historical record against Sunrisers Hyderabad in IPL

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.