ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിക്ക് നിര്‍ദേശവുമായി മുന്‍ സ്പിന്നര്‍ ഹര്ഭജന് സിങ്. ക്രിക്കറ്റ് കരിയറില്‍ വൈഭവ് ആഗ്രഹിക്കുന്ന ഉയരങ്ങള്‍ കീഴടക്കണമെങ്കില്‍ വിരാട് കോഹ്ലിയടക്കമുള്ള താരങ്ങളുടെ പാത പിന്തുടരേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
സച്ചിന് ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ ഇതിഹാസതാരങ്ങളെല്ലാം തങ്ങളുടെ കരിയറില്‍ വലിയ വിജയം സ്വന്തമാക്കിയത് അവരുടെ കഴിവും സമയവും പൂര്‍ണമായും ക്രിക്കറ്റിന് സമര്‍പ്പിച്ചത് കൊണ്ടാണെന്ന് ഹര്ഭജന് ചൂണ്ടിക്കാട്ടി. പ്രഖര്‍ ഗുപ്തയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഹര്ഭജന്.

ഹര്ഭജന് സിങ്
‘ചെറുപ്പം മുതലേ വിരാട് കോഹ്ലി തന്റെ ഊര്‍ജവും കഴിവുകളും കൃത്യമായി ക്രിക്കറ്റിലേക്ക് തിരിച്ചുവിട്ട രീതി നോക്കുമ്പോള്‍, സൂര്യവംശിക്ക് വിരാട് ഒരു മാതൃകയായിരിക്കണം. കോഹ്ലി, സച്ചിന് ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ തുടങ്ങിയ താരങ്ങളെ അവന് മാതൃകയാക്കണം. അവര്‍ തങ്ങളുടെ മുഴുവന്‍ ശ്രദ്ധയും ക്രിക്കറ്റില്‍ കേന്ദ്രീകരിക്കുകയും മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ തിരിയാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു.
സ്വന്തം മുന്‍ഗണനകള്‍ എന്താണെന്ന് തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. സൂര്യവംശിയുടെ കഴിവിന് അനുസരിച്ചുള്ള ഉയരങ്ങളില്‍ എത്തണമെങ്കില്‍, ജീവിതത്തില്‍ എന്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് അവന് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം,’ ഹര്ഭജന് പറഞ്ഞു

വൈഭവ് സൂര്യവംശി
ഐ.പി.എല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയ വൈഭവ് ജൂലൈയില്‍ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നത്. പിന്നീട് സിംബാബ്വേക്കെതിരെ നടന്ന പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് കൈപ്പിടിയിലാക്കിയതും 15കാരന് ആയിരുന്നു.
സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. എന്നാല്‍ പിന്നീട് താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല. വിന്‍ഡീസിനെതിരായ പരമ്പരയില്‍ സ്ക്വാഡിലുണ്ടായിരുന്നെങ്കിലും താരത്തിന് കളത്തിലിറങ്ങാന്‍ കഴിഞ്ഞില്ല. നിലവിലെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ വൈഭവ് ഇനിയും കാത്തിരിക്കേണ്ടി വരും.
അതേസമയം വിന്‍ഡീസ് പരമ്പര സമനിലയില്‍ കലാശിച്ചപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ അടുത്ത അങ്കത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. സ്ക്വാഡില്‍ വൈഭവും ഇടം നേടിയിട്ടുണ്ട്. ഒക്ടോബര്‍ 22നാണ് അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം.
Content Highlight:
ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവൻഷിക്ക് ഹർഭജൻ സിംഗ് ഉപദേശം നൽകി
