ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം സ്‌മൃതി മന്ഥാനയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ ആദ്യ പരമ്പര വിജയം സ്വന്തമാക്കിയിരുന്നു. സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ഇന്ത്യ പരമ്പര വിജയം ഉറപ്പാക്കിയത്.

റായ്പൂരിൽ നടന്ന രണ്ടാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് സ്വന്തമാക്കിയപ്പോൾ ഇന്ത്യ 8.5 ഓവറിൽ ലക്ഷ്യം അനായാസമായി മറികടന്നു.

55 റൺസ് നേടിയ ഷെഫാലി വർമയുടെയും 47 റൺസ് നേടിയ ക്യാപ്റ്റൻ സ്‌മൃതിയുടെയും കരുത്തിലാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ യുവതാരം നിക്കി പ്രസാദിന്റെ പ്രകടനവും ശ്രദ്ധേയമായി. ടി-20യിൽ ഇന്ത്യക്ക് വേണ്ടി രണ്ടാം മത്സരം കളിച്ച താരം രണ്ട് വിക്കറ്റുകൾ നേടിയാണ് തിളങ്ങിയത്.

ആദ്യ മത്സരത്തിൽ പന്തെറിയാൻ അവസരം ലഭിക്കാതെ പോയ നിക്കി പ്രസാദ് രണ്ടാം മത്സരത്തിൽ ലഭിച്ച അവസരം കൃത്യമായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇന്ത്യക്കായി എറിഞ്ഞ അരങ്ങേറ്റ ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ നിന്നും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് താരം തിളങ്ങിയത്.

രണ്ട് ഓവറുകളിൽ നിന്നും ഏഴ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ്‌ നിക്കി വീഴ്ത്തിയത്. ചിപ്പോ മുഗേരി തിരിപാനോ, ന്യാഷ ഗ്വാൻസുറ എന്നിവരെയാണ് നിക്കി മടക്കി അയച്ചത്.

ഈ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് നിക്കി സ്വന്തമാക്കിയത്, ഇന്റർനാഷണൽ ടി-20 കരിയറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായാണ് നിക്കി മാറിയത്.

പുരുഷ ക്രിക്കറ്റിൽ ഇതിന് മുമ്പ് മൂന്ന് താരങ്ങൾ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അവസമായി ഈ നേട്ടം കൈപ്പിടിയിലാക്കിയത് വിരാട് കോഹ്‌ലിയാണ്. 2011ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു വിരാടിന്റെ നേട്ടം. മുൻ താരങ്ങളായ അജിത് അഗാർക്കർ, പ്രഗ്യാൻ ഓജ എന്നിവരും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. അഗാർക്കർ 2006ൽ സൗത്ത് ആഫ്രിക്കക്കെതിരെയും ഓജ 2009ൽ ബംഗ്ലാദേശിനെതിരെയുമാണ് ഈ നേട്ടം കൈവരിച്ചത്.

വിമൺസ് ടി-20യിൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരം കൂടിയാണ് നിക്കി. സൗത്ത് ആഫ്രിക്കൻ താരം ക്ലോയ് ടൈറോണിന് ശേഷം ടെസ്റ്റ് പദവിയുള്ള രാജ്യത്ത് നിന്നും ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരവും നിക്കിയാണ്. യു.എസ്.എ താരങ്ങളായ സുഹാനി തഡാനി, അക്ഷത റാവു എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങൾ.

അതേസമയം പരമ്പരയിലെ അവസാന മത്സരം ഇന്നാണ് നടക്കുന്നത്. റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യ ഇറങ്ങുക. മറുഭാഗത്ത് ആശ്വാസ വിജയമാവും സിംബാബ്‌വേയുടെ ലക്ഷ്യം.

 

Content Highlight: Niki Prasad create a new history in Indian women’s cricket