വിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് പിന്നാലെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. അഞ്ച് ടി-20യും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റുമടക്കം 12 മത്സരങ്ങളാണ് ഇന്ത്യ കിവികളുടെ മണ്ണിലെത്തി കളിക്കുക. ഇന്ത്യ ഏറ്റവുമധികം മത്സരം കളിക്കുന്ന ബൈലാറ്ററല്‍ സീരീസ് കൂടിയാണിത്. ഒക്ടോബര്‍ 22ന് ആരംഭിക്കുന്ന പര്യടനം ഡിസംബര്‍ ഒന്ന് വരെ നീണ്ടുനില്‍ക്കും.

ഇന്ത്യയുടെ മോഡേണ്‍ ഡേ ഇതിഹാസങ്ങളായി വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും ഈ പര്യടനത്തിന്റെ ഭാഗമാണ്. ടെസ്റ്റില്‍ നിന്നും ടി-20യില്‍ നിന്നും പിടിയിറങ്ങിയതിനാല്‍ വിരാട് ഏകദിന പരമ്പരയില്‍ മാത്രം കളിക്കുമ്പോള്‍ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ബുംറ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മാത്രമാണ് കളത്തിലിറങ്ങുക.

വിരാട് കോഹ്‌ലി-Photo: Indian Cricket Team/Facebook.com

കിവികളുടെ തട്ടകത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ ഒരേ റെക്കോഡിലേക്കാണ് ഇരുവരും കണ്ണുവെക്കുന്നത്. എല്ലാ സേന രാജ്യങ്ങളിലും പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇരുവരും ഒരുപോലെ ലക്ഷ്യമിടുന്നത്. ഈ നേട്ടത്തിലെത്താന്‍ വിരാടിന് അഞ്ച് മത്സരവും ബുംറയ്ക്ക് രണ്ട് മത്സരവുമാണുള്ളത്.

സേനയിലെ മറ്റ് രാജ്യങ്ങളില്‍ (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ) എന്നിവടങ്ങൡല്‍ ഇരുവരും ഇതിനോടകം തന്നെ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ന്യൂസിലാന്‍ഡ് മാത്രമാണ് ഇതുവരെ കീഴടങ്ങാതെ രണ്ട് താരങ്ങളുടെയും മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.

ജസ്പ്രീത് ബുംറയും. Photo: BCCI/X.com

ഇപ്പോള്‍ കിവികളുടെ തട്ടകവും കീഴടക്കാനുള്ള അവസരമാണ് ഇരുവര്‍ക്കും മുമ്പിലുള്ളത്.

അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ ന്യൂസിലാന്‍ഡില്‍ പര്യടനത്തിനെത്തുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. നേരത്തെ, ഹോം കണ്ടീഷനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച ഫോം പുറത്തെടുത്ത വിരാടിന് എവേ കണ്ടീഷനിലും തന്റെ പ്രതിഭ ചോര്‍ന്നുപോയിട്ടില്ല എന്ന് അടിവരയിട്ടുറപ്പിക്കാനുള്ള അവസരം കൂടിയാണ് ഈ പരമ്പര.

വിരാട് കോഹ്‌ലി. Photo: BCCI/x.com

അതേസമയം, ഏകദേശം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്ന ബുംറയുടെ ഫോമും ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇനിയുള്ള ഓരോ മത്സരവും നിര്‍ണായകമാകും എന്നിരിക്കെ, പേസിനെ അകമഴിഞ്ഞ തുണയ്ക്കുന്ന ന്യൂസിലാന്‍ഡ് സാഹചര്യങ്ങളില്‍ ആ അഡ്വാന്റേജ് മുതലാക്കാന്‍ ബുംറയ്ക്ക് സാധിക്കേണ്ടതുണ്ട്.

ജസ്പ്രീത് ബുംറയും. Photo: BCCI/X.com

ഏകദിന സ്‌ക്വാഡ് – ആദ്യ മൂന്ന് മത്സരങ്ങള്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിങ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ*, കുല്‍ദീപ് യാദവ്.

ഏകദിന സ്‌ക്വാഡ് – നാല്, അഞ്ച് മത്സരങ്ങള്‍

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്

*ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയം.

ഏകദിന പരമ്പര

ആദ്യ മത്സരം നവംബര്‍ നാല് ഓക്ലാന്‍ഡ്

രണ്ടാം മത്സരം നവംബര്‍ ഏഴ് വെല്ലിങ്ടണ്‍

മൂന്നാം മത്സരം നവംബര്‍ പത്ത് ഹാമില്‍ടണ്‍

നാലാം മത്സരം നവംബര്‍ 13 മൗണ്ട് മംഗനൂയി

അവസാന മത്സരം നവംബര്‍ 15 മൗണ്ട് മംഗനൂയി

ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍)*, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമമ്ദ് സിറാജ്.

*ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയം.

ടെസ്റ്റ് പരമ്പര

ആദ്യ ടെസ്റ്റ് നവംബര്‍ 19-23 വെല്ലിങ്ടണ്‍

രണ്ടാം ടെസ്റ്റ് നവംബര്‍ 27-ഡിസംബര്‍ 1 ക്രൈസ്റ്റ്ചര്‍ച്ച്

Content Highlight: Virat Kohli and Jasprit Bumrah have the opportunity to become Indian players who have won the ‘Player of the Series’ award in all SENA countries.