മലയാളി താരം സഞ്ജു സാംസണ്‍ ഐ.പി.എല്ലില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കി ചരിത്രം കുറിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഈ നേട്ടത്തിലെത്തുന്ന പത്താമത്തെ താരമായാണ് മലയാളി ബാറ്റര്‍ തന്റെ പേര് എഴുതി ചേര്‍ത്തത്. ഐ.പി.എല്‍ 2026ല്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിലായിരുന്നു താരത്തിന്റെ ചരിത്ര നേട്ടം.
മുംബൈക്കെതിരെ സെഞ്ച്വറിയടിച്ച് സ്വന്തം തട്ടകത്തിലെത്തിയ സഞ്ജുവിന് 15 പന്തില്‍ 11 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. എന്നാല്‍, ഗുജറാത്തിനെതിരെ മൂന്ന് റണ്‍സ് അടിച്ചതോടെ തന്നെ താരം 5000 റണ്‍സ് ക്ലബ്ബിലേക്ക് എത്തിയിരുന്നു.
സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
ഇതിനൊപ്പം തന്നെ സഞ്ജു മറ്റൊരു നേട്ടവും സ്വന്തമാക്കി. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് വിക്കറ്റ് കീപ്പര്‍ തന്റെ അക്കൗണ്ടിലാക്കിയത്. 3555 പന്തുകള്‍ നേരിട്ടാണ് താരം ഇത്രയും റണ്‍സ് നേടിയത്.
ഇതുവരെ ഈ ലിസ്റ്റില്‍ ഒന്നാമത് മുന്‍ ചെന്നൈ താരമായ സുരേഷ് റെയ്‌നയായിരുന്നു. താരം 3620 പന്തുകള്‍ നേരിട്ടായിരുന്നു 5000 റണ്‍സ് പൂര്‍ത്തിയാക്കിയത്. അതാണിപ്പോള്‍ സഞ്ജു പഴങ്കഥയാക്കിയത്.
ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ താരം, നേരിട്ട പന്തുകള്‍
സഞ്ജു സാംസണ്‍ – 3555
സുരേഷ് റെയ്‌ന – 3620
കെ. എല്‍. രാഹുല്‍ – 3688
എം. എസ്. ധോണി – 3691
ദൽഹി ക്യാപിറ്റൽസിനെതിരെയുള്ള സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com
അതേസമയം, ഈ സീസണിന് മുന്നോടിയായി ചെന്നൈയില്‍ ചേക്കേറിയ സഞ്ജു മികച്ച ഫോമിലാണ്. ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നായി താരം 304 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇതിനകം മഞ്ഞ ജേഴ്‌സിയില്‍ അടിച്ചിട്ടുള്ളത്.