ഇരട്ടത്താപ്പിന്റെ കണക്കില്‍ സഞ്ജു എങ്ങനെ പിന്നിലാകുന്നു
Cricket
ഇരട്ടത്താപ്പിന്റെ കണക്കില്‍ സഞ്ജു എങ്ങനെ പിന്നിലാകുന്നു
ശ്രീരാഗ് പാറക്കല്‍
Thursday, 30th July 2026, 8:57 pm
പ്രകടനങ്ങളിലും വ്യത്യാസം ഇത്രയും വെളിവായിട്ടും അഭിഷേകിനെ മാറ്റിനിര്‍ത്താനോ സഞ്ജുവിനെ സഞ്ജുവിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാനോ ടീം മാനേജ്‌മെന്റ് തയ്യാറാകുന്നില്ല എന്നത് ക്രിക്കറ്റ് പ്രേമികളെ ഏറെ നിരാശപ്പെടുത്തുന്നതാണ്.

ഇന്ത്യയുടെ സൂപ്പര്‍ താരം സഞ്ജു സാംസണിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ക്രിക്കറ്റ് സര്‍ക്കിളുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. 2026ലെ ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതില്‍ പ്രധാന പങ്കാണ് സഞ്ജു വഹിച്ചത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങള്‍ക്ക് പിന്നാലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.

എന്നാല്‍ ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ അര്‍ഹിച്ച അവസരം സഞ്ജുവിന് ലഭിക്കാത്തതാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. കൗമാര താരം വൈഭവ് സൂര്യവംശിയുടെ വരവോടെയാണ് സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടപ്പെട്ടത്.

2026 ടി-20 ലോകകപ്പിന് ശേഷം അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായി നാല് മത്സരങ്ങളിലാണ് സഞ്ജു കളിച്ചത്. അയര്‍ലാന്‍ഡില്‍ 5, 0 എന്നിങ്ങനെയും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഒരു റണ്‍സുമാണ് നേടിയത്.

സഞ്ജു സാംസൺ

പിന്നീട് വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയതോടെ പുറത്തിരുന്ന സഞ്ജു, അവസാന മത്സരത്തില്‍ തിരിച്ചെത്തി 14 പന്തില്‍ 27 റണ്‍സ് നേടിയിരുന്നു.

എന്നാല്‍ മോശം പ്രകടനത്തിന്റെ പേരില്‍ സിംബാബ്‌വേ പര്യടത്തിലും സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താത്തത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അതേസമയം അഭിഷേക് ശര്‍മയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി നിര്‍ത്താത്തത് ഇരട്ടത്താപ്പാണെന്നാണ് മുന്‍ താരങ്ങളടക്കം ഇപ്പോള്‍ പറയുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ ക്രിസ് ശ്രീകാന്ത് ഉള്‍പ്പെടെ ഉള്ളവര്‍ ഇക്കാര്യം ചോദ്യം ചെയ്ത് മുന്നോട്ട് വന്നിരുന്നു. ഇതിനെല്ലാം പ്രധാനപ്പെട്ട മറ്റ് കാരണങ്ങളും ഉണ്ട്.

ഇരുവരുടേയും പ്രകടനങ്ങള്‍ താരതമ്യപ്പെടുത്തിയാല്‍ കാര്യങ്ങള്‍ ഏറെക്കുറെ മനസിലാകും. 2026ല്‍ അഭിഷേക് ശര്‍മ 23 മത്സരങ്ങളില്‍ നിന്ന് 514 റണ്‍സാണ് നേടിയത്. 84 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 23.36 എന്ന ആവറേജാണ് അഭിഷേകിനുള്ളത്. 185.55 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. അഞ്ച് അര്‍ധ സെഞ്ച്വറികളാണ് അഭിഷേക് ഈ വര്‍ഷം ഇന്ത്യയ്ക്ക് വേണ്ടി നേടിയത്.അഭിഷേക് ശർമ്മ

അതേസമയം സഞ്ജു 2026ല്‍ 14 മത്സരങ്ങള്‍ 400 റണ്‍സാണ് നേടിയത് 97* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് ഇതുവരെയുള്ള മത്സരത്തില്‍ നിന്ന് താരം നേടിയത്. 30.76 എന്ന ആവറേജിലാണ് താരം റണ്‍സ് അടിച്ചുകൂട്ടുന്നത്. അഭിഷേകിനേക്കാള്‍ ഉര്‍ന്ന ആവറേജിലാണ് സഞ്ജു സ്‌കോര്‍ നേടുന്നത്. 180.91 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ബാറ്റിങ്. മൂന്ന് അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായകമായ മത്സരത്തില്‍ 97* റണ്‍സും പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യബസിലാന്‍ഡിനെതിരെയും നേടിയ 89 റണ്‍സും ക്രിക്കറ്റ് പ്രേമികള്‍ മറന്നുകാണില്ല.

2026 ലോകകപ്പിനിടെ സഞ്ജു സാംസൺ. Photo: BCCI/x.com

എന്നാല്‍ ഇതിനേക്കാള്‍ ഞെട്ടിക്കുന്ന കണക്ക് മറ്റൊന്നാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡക്കായ ഇന്ത്യന്‍ താരത്തിന്റെ പേര് നോക്കിയാല്‍ അത് അഭിഷേകിന്റേതാണ്. ആറ് തവണയാണ് താരം അന്താരാഷ്ട്ര ടി-20യില്‍ പൂജ്യത്തിന് പുറത്തായത്. അതില്‍ 2026 ലോകകപ്പിലായിരുന്നു അഭിഷേക് ശര്‍മ മൂന്ന് തവണ തുടര്‍ച്ചയായി പൂജ്യത്തിന് കൂടാരം കയറിയത്. എന്നാല്‍ സഞ്ജു രണ്ട് തവണ മാത്രമാണ് പൂജ്യത്തിന് മടങ്ങിയത്.

അതേസമയം ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത് സഞ്ജുവിന്റെ പ്രകടനവും ഇപ്പോള്‍ സെലക്ടര്‍മാര്‍ മറന്നുകളഞ്ഞ അവസ്ഥയാണ്. ലോകകപ്പില്‍ മൊത്തം അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സ് നേടിയായിരുന്നു സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ അടക്കം വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയതായ സഞ്ജു തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയത്. ലോകകപ്പിലെ എട്ട് ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി നേടിയത്.

ലോകകപ്പിന് ശേഷം അയര്‍ലാന്‍ഡിനെതിരെ സിംബാബ് വേയ്‌ക്കെതിരായ പരമ്പരയില്‍ വെറും 11 റണ്‍സ് മാത്രമാണ് അഭിഷേക് നേടിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും സമാനമായ അവസ്ഥയായിരുന്നു അഭിഷേകിന്.

പ്രകടനങ്ങളിലും വ്യത്യാസം ഇത്രയും വെളിവായിട്ടും അഭിഷേകിനെ മാറ്റിനിര്‍ത്താനോ സഞ്ജുവിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാനോ ടീം മാനേജ്‌മെന്റ് തയ്യാറാകുന്നില്ല എന്നത് ക്രിക്കറ്റ് പ്രേമികളെ ഏറെ നിരാശപ്പെടുത്തുന്നതാണ്.

Content Highlight: Sanju Samson and Abhishek Sharma are being accorded different considerations

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ