നാഗ്പൂര്‍: മോശം ഫോമിനു ശേഷം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി സൈനയുടെ ഗംഭീര തിരിച്ചുവരവ്. ലോക രണ്ടാം നമ്പര്‍ താരം പി.വി സിന്ധുവിനെ തോല്‍പ്പിച്ചാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കിരീടത്തില്‍ മുത്തമിട്ടത്.
രണ്ട് സെറ്റ് മാത്രം നീണ്ട മത്സരത്തില്‍ അവസാന സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. 21-17,27-25 എന്ന സ്‌കോറിനാണ് സൈന സിന്ധുവിനെ തോല്‍പ്പിച്ചത്.
ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടു വനിതാ ബാഡ്മിന്റണ്‍ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയപ്പോള്‍ പോരാട്ടം തീ പാറുമെന്നുറപ്പായിരുന്നു. അത്തരം പോരാട്ടത്തിനാണ് ഫൈനല്‍ സാക്ഷിയായത്.
രണ്ടാം സെറ്റില്‍ തുടര്‍ച്ചയായി പോയിന്റുകള്‍ നേടി ഇരുവരും സ്‌കോര്‍ ഒപ്പത്തിനൊപ്പമെത്തിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അവസാന സെറ്റ് 27-25 ലാണ് സൈന സ്വന്തമാക്കിയത്.
2007 ലാണ് അവസാനമായി സൈന ദേശീയ കിരീടം നേടിയത്. 2011,13 വര്‍ഷങ്ങളിലെ ചാമ്പ്യനാണ് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് കൂടിയായ സിന്ധു.
സെമിയില്‍ അഞ്ചാം സീഡ് അനുര പ്രഭുദേശായിയെ ഏറെക്കുറെ അനായാസമായി തോല്‍പിച്ചാണ് സൈന ഫൈനലിലെത്തിയത്. അതേസമയം സിന്ധുവിന് ഋത്വിക ശിവാനിക്കെതിരെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ജയിക്കാനായത്.
നേരത്തെ പുരുഷന്‍മാരുടെ ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരമായ ശ്രീകാന്തിനെ തോല്‍പ്പിച്ച പ്രണോയ് കിരീടം നേടിയിരുന്നു.
