അവന്‍ ഇപ്പോഴും ടി - 20 ടീമിലെത്താന്‍ യോഗ്യന്‍; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ കുറിച്ച് ബദ്രിനാഥ്
Cricket
അവന്‍ ഇപ്പോഴും ടി - 20 ടീമിലെത്താന്‍ യോഗ്യന്‍; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ കുറിച്ച് ബദ്രിനാഥ്
ഫസീഹ പി.സി.
Tuesday, 24th March 2026, 3:53 pm

ഐ.പി.എല്‍ 2026 മുന്നോടിയായി സൂപ്പര്‍ താരം രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സുബ്രമണ്യം ബദ്രിനാഥ്. രോഹിത് ഇപ്പോഴും ഇന്ത്യന്‍ ടി – 20 ടീമിന്റെ ഭാഗമാകാന്‍ കെല്‍പ്പുള്ള താരമാണെന്ന് അദ്ദേഹം പറഞ്ഞു.

വരുന്ന ഐ.പി.എല്ലില്‍ രോഹിത്തിന്റെയും ക്വിന്റണ്‍ ഡി കോക്കിന്റെയും ഓപ്പണിങ് ജോഡി എതിരാളികള്‍ക്ക് വലിയ ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.

സുബ്രമണ്യം ബദ്രിനാഥ്. Photo: Crictracker

‘ഇപ്പോഴും ഇന്ത്യന്‍ ടി – 20 ടീമിന്റെ ഭാഗമാകാനുള്ള മികവ് രോഹിത്തിനുണ്ട്. അവനും ക്വിന്റണ്‍ ഡി കോക്കുമായിരിക്കും മുംബൈയുടെ ഓപ്പണിങ് ജോഡി. അത് എതിരാളികള്‍ക്ക് വലിയ ഭീഷണിയാകും.

ഇത്രയും മികച്ച ഒരു താരമായ ഡി കോക്കിനെ മുംബൈ ഇന്ത്യന്‍സ് വാങ്ങുന്നത് മറ്റ് ടീം ഉടമകള്‍ എങ്ങനെ അനുവദിച്ചു എന്നത് അത്ഭുതകരമാണ്. ഡി കോക്കിനെ ടീമിലെത്തിച്ചത് മുംബൈയുടെ ഏറ്റവും മികച്ച നീക്കമാണ്,’ ബദ്രിനാഥ് പറഞ്ഞു.

2024ല്‍ രോഹിത് അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. കിരീട വരള്‍ച്ച അവസാനിപ്പിച്ച് ഇന്ത്യയ്ക്ക് ടി – 20 ലോകകപ്പ് സമ്മാനിച്ചായിരുന്നു താരത്തിന്റെ ഈ പടിയിറക്കം.

രോഹിത് ശർമ. Photo: Mumbai Indians

പിന്നാലെ മുംബൈ രോഹിത്തിനെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുകയും ചെയ്തു. ഇപ്പോഴും ടീമിന്റെ ഓപ്പണിങ് സ്ഥാനം താരത്തിന് കൈയ്യില്‍ ഭദ്രമാണ്.

ഈ വര്‍ഷം നടന്ന മിനി ലേലത്തിലൂടെ മുംബൈ ഡി കോക്കിനെ ടീമിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. ഒരു കോടിക്കായിരുന്നു താരം മുംബൈയിലെത്തിയത്. ഇതിന് മുമ്പ് താരം 2019 – 2021 കാലഘട്ടത്തിലും ടീമിന്റെ ഭാഗമായിരുന്നു.

ക്വിന്റൺ ഡി കോക്ക്. Photo: Mumbai Indians

അതേസമയം, ഐ.പി.എല്‍ 2026ന് മാര്‍ച്ച് 28ന് തുടക്കമാകും. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് സീസണിലെ ആദ്യ മത്സരം. ആര്‍. സി. ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയാണ് വേദി.

ടൂര്‍ണമെന്റിന്റെ രണ്ടാം ദിവസമായ മാര്‍ച്ച് 29 തന്നെ മുംബൈ കളത്തിലെത്തുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മുന്‍ ചാമ്പ്യന്മാരുടെ ആദ്യ എതിരാളികള്‍.

Content Highlight: S Badrinath says Rohit Sharma is still capable to play in Indian T20I team

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി