സി.പി.ഐ.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതി 41 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
kERALA NEWS
സി.പി.ഐ.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതി 41 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 10th March 2020, 10:04 pm

കണ്ണൂര്‍: പാനൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതി നാല്‍പ്പതൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. സി.പി.ഐ.എം പ്രവര്‍ത്തകരായ തടത്തില്‍ ബാലനെയും യു.പി ദാമുവിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രഭാകരനെയാണ് പാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

മീഡിയാ വണ്ണാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൊലിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ചമ്പാട് തോട്ടുമ്മലില്‍ നള്ളക്കണ്ടിയില്‍ ഗോപാലന്‍ നമ്പ്യാരുടെ മകന്‍ വാലിശ്ശേരി പ്രഭാകരനാണ് 41 വര്‍ഷത്തിന് ശേഷം അറസ്റ്റിലാവുന്നത്.

1979 ഏപ്രില്‍ ആറാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചമ്പാടുള്ള ബീഡി പീടികയിലെക്ക് ബോംബെറിഞ്ഞ് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ച ശേഷം പരിസരത്തുണ്ടായിരുന്ന ഇരുവരെയും മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടുകയായിരുന്നു.

തടത്തില്‍ ബാലന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുപറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യു.പി ദാമു പതിനേഴ് ദിവസത്തിന് ശേഷം ഏപ്രില്‍ 24ന് മരണപ്പെടുകയായിരുന്നു.

അക്രമത്തില്‍ പത്തോളം സിപി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റിയിരുന്നു. മരിക്കുമ്പോള്‍ യു.പി ദാമു സിപി.എം അരയാക്കൂല്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

WATCH THIS VIDEO: