ഐ.പി.എല്ലില്‍ ഞാന്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന മാറ്റം; ഇന്ത്യന്‍ താരങ്ങളുടെ തലവര മാറ്റാന്‍ പോന്ന നിര്‍ദേശവുമായി ഉത്തപ്പ
Sports News
ഐ.പി.എല്ലില്‍ ഞാന്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന മാറ്റം; ഇന്ത്യന്‍ താരങ്ങളുടെ തലവര മാറ്റാന്‍ പോന്ന നിര്‍ദേശവുമായി ഉത്തപ്പ
ആദർശ് എം.കെ.
Thursday, 20th August 2026, 9:43 am

ഐ.പി.എല്ലിന്റെ ഭാവി നിയമാവലികളിലും ഇന്ത്യന്‍ കളിക്കാരുടെ വിദേശ ലീഗ് പങ്കാളിത്തത്തിലും വലിയ മാറ്റങ്ങള്‍ ആവശ്യമാണെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പ.

ഇന്ത്യന്‍ താരങ്ങള്‍ക്ക് ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് (ബി.ബി.എല്‍) ഉള്‍പ്പെടെയുള്ള വിദേശ ടി-20 ലീഗുകളില്‍ പങ്കെടുക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കണമെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മുമ്പോട്ട് വെച്ചത്.

റോബിന്‍ ഉത്തപ്പ.

വിദേശ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പ് പോലുള്ള വന്‍കിട ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായി അവിടുത്തെ കാലാവസ്ഥയും പിച്ചുകളും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഇത് കളിക്കാരെ സഹായിക്കുമെന്നും വ്യക്തിപരമായി കൂടുതല്‍ വികസിക്കാനാണ് താന്‍ നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോംബോക്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഐ.പി.എല്ലില്‍ ഒരു മാറ്റം വരുത്തണമെന്നാണ് എന്റെ ആഗ്രഹം. ഇന്ത്യന്‍ താരങ്ങള്‍ക്ക് വിവിധ ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കണം. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ സ്വയം വളരാനും കൂടുതല്‍ അനുഭവസമ്പത്ത് നേടാനും കൂടുതല്‍ ലീഗുകളില്‍ കളിക്കണമെന്നത് എപ്പോഴും എന്റെ ആഗ്രഹമായിരുന്നു. നേരത്തെ വിരമിക്കാനുള്ള കാരണങ്ങളിലൊന്നും അതുതന്നെയാണ്.

ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഓസ്‌ട്രേലിയയിലാണ് ഒരു ലോകകപ്പ് നടക്കുന്നതെങ്കില്‍, പത്ത് ഇന്ത്യന്‍ താരങ്ങളെ ബിഗ് ബാഷില്‍ കളിക്കാന്‍ അനുവദിക്കണം.

ഈ കാര്യമാണ് എനിക്ക് ഇപ്പോഴും മനസ്സിലാകാത്തത്. നമ്മള്‍ ഇപ്പോഴും അതേ പഴയ ചിന്താഗതിയില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണെന്ന് തോന്നുന്നു,’ അദ്ദേഹം പറഞ്ഞു.

അതേസമയം, ഐ.പി.എല്ലില്‍ പ്ലെയിങ് ഇലവനില്‍ പരമാവധി നാല് വിദേശ കളിക്കാര്‍ എന്ന നിലവിലെ നിയമം മാറ്റരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശ താരങ്ങളുടെ പരിധി നീക്കിയാല്‍ വൈഭവ് സൂര്യവംശിയെ പോലുള്ള യുവ ഇന്ത്യന്‍ പ്രതിഭകള്‍ക്ക് ഉയര്‍ന്നു വരാന്‍ അവസരം ലഭിക്കാതെ പോകുമെന്നും അത് ഇന്ത്യന്‍ ക്രിക്കറ്റിനോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നും ഉത്തപ്പ പറഞ്ഞു.

നിലവിലെ ഇംപാക്റ്റ് പ്ലെയര്‍ നിയമം പൂര്‍ണമായി ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതിന് സാധിക്കില്ലെങ്കില്‍ ഫുട്‌ബോളിലേതെന്ന പോലെ 14 കളിക്കാരെ ഉള്‍പ്പെടുത്തി സബ്സ്റ്റിറ്റിയൂഷന്‍ അനുവദിക്കുന്ന രീതി കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

അണ്ടര്‍ 18, അണ്ടര്‍ 19 താരങ്ങള്‍ക്കായി പ്രധാന ഫ്രാഞ്ചൈസികളുടെ തന്നെ പങ്കാളിത്തത്തോടെ ഒരു ‘ജൂനിയര്‍ ഐ.പി.എല്‍’ ആരംഭിക്കണം. ഐ.പി.എല്‍ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം 4 മുതല്‍ 5 മാസം വരെയായി ഉയര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

വൈഭവ് സൂര്യവംശി, പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ് തുടങ്ങിയ യുവതാരങ്ങള്‍ ടി-20 ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് അഭിമന്യു ഈശ്വരനെ പോലുള്ള സ്‌പെഷ്യലിസ്റ്റ് കളിക്കാരെ നിയോഗിക്കാവുന്നതാണ്. താരങ്ങള്‍ക്ക് തങ്ങള്‍ക്ക് അനുയോജ്യമായ ഫോര്‍മാറ്റുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും റോബിന്‍ ഉത്തപ്പ വ്യക്തമാക്കി.

 

Content Highlight: Robin Uthappa says Indian players should be allowed to play in foreign leagues.

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.