വെസ്റ്റ് ഇന്‍ന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ സന്തുഷ്ടനായിരിക്കില്ലെന്ന് മുന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ മുഹമ്മദ് കൈഫ്. ഡെത്ത് ഓവറില്‍ ജസ്പ്രീത് ബുംറയെപ്പോലൊരു സീനിയര്‍ താരത്തിന്റെ അഭാവം ഉണ്ടായിരുന്നു കൈഫ് ചൂണ്ടിക്കാട്ടി. ഇന്ത്യ നേടിയ 90 ശതമാനം ട്രോഫികളിലും ബുംറ ഏതെങ്കിലും തരത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗില്‍ മികച്ച ടീമുകള്‍ക്കെതിരെ പരാജയപ്പെട്ടിട്ടുണ്ട്. ലോകകപ്പില്‍ നമ്മളെ വെല്ലുവിളിക്കാന്‍ പോകുന്നതും ഈ ടീമുകളായിരിക്കും. ഹൃദയത്തില്‍ കൈവെച്ച് സത്യസന്ധമായി സംസാരിക്കുകയാണെങ്കില്‍, അദ്ദേഹം സന്തുഷ്ടനല്ലെന്ന് എനിക്ക് ഉറപ്പാണ്. ഡെത്ത് ഓവര്‍ ബൗളിങ്ങിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.
യുവ ക്യാപ്റ്റനായ അദ്ദേഹത്തിന്റെ ഈ പ്രയാസകരമായ അവസ്ഥയില്‍ എനിക്ക് സഹതാപമുണ്ട്. ബാറ്റിങ്ങിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ബൗളിങ്ങിലേക്ക് വരുമ്പോള്‍, അദ്ദേഹത്തിന് മുന്നില്‍ ഉപയോഗിക്കാന്‍ അധികം ഓപ്ഷനുകളില്ല,’ കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
മാത്രമല്ല ജസ്പ്രീത് ബുംറയെപ്പോലൊരു സീനിയര്‍ ബൗളറുടെ അഭാവവും കൈഫ് ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായകമായ ഒരുപാട് ടൂര്‍ണമെന്റുകള്‍ നേടിക്കൊടുത്ത താരമാണ് ബുംറയെന്ന് കൈഫ് എടുത്തുപറഞ്ഞു.
‘അവസാനം നോക്കുമ്പോള്‍ ബൗളിങ്ങിലെ നിര്‍ണായക ഘടകം ഇപ്പോഴും ബുംറ തന്നെയാണ്. ബുംറയുടെ മികവുകൊണ്ടാണ് നമ്മള്‍ ടി-20 ലോകകപ്പ് നേടിയത്. സെമിഫൈനലും ഫൈനലും നോക്കൂ. അതിലും പിന്നിലേക്ക് പോയി, 2024ലെ ഫൈനലിലും നിര്‍ണായകമായത് ബുംറ തന്നെയായിരുന്നു. നമ്മള്‍ നേടിയ 90 ശതമാനം ട്രോഫികളിലും ബുംറ ഏതെങ്കിലും തരത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
ഇപ്പോള്‍ നമ്മള്‍ അടുത്ത ബുംറയെയും ഹര്‍ദിക്കിനെയും തേടുകയാണ്. ഏകദിന മത്സരങ്ങള്‍ക്ക് ബുംറയെ ആവശ്യമുണ്ടെന്ന് ഗില്‍ പറഞ്ഞിട്ടുണ്ടാകാം. അത് ഉയര്‍ന്ന സ്‌കോര്‍ പിറന്ന മത്സരമായിരുന്നു, വെസ്റ്റ് ഇന്‍ഡീസ് ഒരുപാട് റണ്‍സ് നേടുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിനോട് എനിക്ക് സഹതാപമുണ്ട്. ഇപ്പോള്‍ അദ്ദേഹം അല്‍പ്പം നിരാശനായിരിക്കാം,’ അദ്ദേഹം പറഞ്ഞു.

അതേസമയം മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ അഭിമാന വിജയം സ്വന്തമാക്കാന്‍ വിന്‍ഡീസിന് സാധിച്ചിരുന്നു.
Content Highlight: Mohemmad Kaif Talking About Shubhman Gill And Jasprit Bumrah
