ഓണക്കാലത്ത് മലയാള സിനിമ ലോകം ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ബെത്‌ലഹേം കുടുംബ യൂണിറ്റ്. മലയാള സിനിമ പ്രേമികളുടെ പ്രതീക്ഷക്കൊത്തുയരാൻ ബെത്‌ലഹേമിനു സാധിച്ചിട്ടുണ്ട്.
ഇപ്പോൾ ഒ.ടി.ടിയിലും മികച്ച പ്രതികരണങ്ങളോടെ സിനിമ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമയുടെ എഡിറ്റിങ് നിർവ്വഹിച്ചത് ആകാശ് ജോസഫ് വര്‍ഗീസ് ആണ്.

ബെത്‌ലഹേം കുടുംബ യൂണിറ്റിലെ രംഗം photo: Hotstar/ Screen Grab
മലയാള സിനിമ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഫിലിം എഡിറ്റർ ആണ് ആകാശ് ജോസഫ് വര്‍ഗീസ്. ‘കൂദാശ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ എഡിറ്ററായി ആകാശ് സിനിമയിൽ തുടക്കം കുറിക്കുന്നത്. ‘പോരാട്ടം’ എന്ന സിനിമയിലെ കളറിസ്റ്റ് ആയിട്ടാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. ഗിരീഷ് എ.ഡിയുടെ തന്നെ ‘സൂപ്പർ ശരണ്യ’ തൊട്ട് ബെത്‌ലഹേം വരെ ആകാശ് ഗിരീഷിന്റെ സിനിമകളിൽ സ്ഥിര സാന്നിധ്യമായുണ്ട്.
സിനിമയിൽ ഒരുപാട് ഹ്യൂമർ സീനുകളുണ്ടെന്നും എല്ലാ ഡയലോഗുകളും കൃത്യമായ് കേൾക്കാൻ വേണ്ടി മ്യൂസിക് കുറച്ചു വച്ചിട്ടുണ്ടെന്നും പറയുകയാണ് ആകാശ് ജോസഫ് വര്ഗീസ്. ‘മാക്സിമം ഹ്യൂമറൊന്നും ചോർന്നുപോവാതെയാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്.
എല്ലാ ഹ്യൂമർ സീനുകളും സ്ക്രിപ്റ്റിൽ ഉള്ളതാണ്. ഡബ്ബിങിന്റെ സമയത്ത് ഒന്നോ രണ്ടോ ഡയലോഗ് മാത്രം ചേർത്തിട്ടുണ്ട്. ഡയലോഗുകൾ കേൾക്കാൻ വേണ്ടി മ്യൂസിക് താഴ്ത്തിയും കട്ട് ചെയ്തും കളഞ്ഞിട്ടുണ്ട്.’ ആകാശ് പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആകാശ്.

ബെത്‌ലഹേം കുടുംബ യൂണിറ്റിലെ രംഗം photo: Hotstar/ Screen Grab
സിനിമയിലെ മമിതയുടെ കഥാപാത്രം ആഷ്‌ലിയെ വാഗമണ്ണിലേക്ക് കൊണ്ടുപോകുന്ന സീൻ നാല് മിനുട്ടോളം ഒരു സോങ്ങിന്റെ ദൈർഘ്യം ഉണ്ടായിരുന്നെന്നും അത് പിന്നീട് രണ്ട് മിനുട്ടിലേക്ക് വെട്ടി കുറക്കുകയായിരുന്നുവെന്നും ആകാശ് പറഞ്ഞു.
അത് കറക്ട് ആയിരുന്നുവെന്ന് സിനിമ കണ്ടപ്പോൾ തോന്നിയെന്നും ആകാശ് കൂട്ടിച്ചേർത്തു. ഗിരീഷിന്റെ സിനിമകളിൽ പ്രണയം പിടിക്കപ്പെട്ടതിനു ശേഷം അവർ ഒന്നിക്കുന്നത് വേഗത്തിൽ കാണാൻ പ്രേക്ഷകർക്ക് ഒരു പ്രവണതയുള്ളതിനാൽ അത് വലിച്ചുനീട്ടി ചെയ്യുന്നത് ബോറടിയായിരിക്കുമെന്നും ആകാശ് വ്യക്തമാക്കി.
‘അവറാച്ചൻ ആൻഡ് സൺസ്’,’ഹാൽ’,’അള്ളു രാമേന്ദ്രൻ’ തുടങ്ങിയ സിനിമകളുടെയും എഡിറ്റർ ആകാശ് ആണ്. ഈ മാസം തന്നെ റിലീസ് ആവുന്ന ‘പ്രേംപാറ്റ’യാണ് ആകാശിന്റെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
Content Highlight: Editor Akash Joseph Varghese about Bethlehem Kudumba unit
