മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ ശ്രദ്ധേയ താരമാണ് അനന്യ. 2008-ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്. മോഹൻലാലിനൊപ്പം അഭിനയിച്ച ശിക്കാർ അനന്യയ്ക്ക് വലിയ ശ്രദ്ധ നേടികൊടുത്തു. തുടർന്ന് ഇതു നമ്മുടെ കഥ, സീനിയേഴ്സ്, കുഞ്ഞളിയൻ, നാടോടി മന്നൻ, അപ്പൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഇപ്പോഴിതാ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുന്നത് താൻ സിനിമകൾ തെരഞ്ഞെടുക്കാത്തതുകൊണ്ടല്ലെന്നും, തന്നെ തേടിയെത്തുന്ന സിനിമകളിൽ തനിക്ക് ആവേശം തോന്നുന്ന കഥാപാത്രങ്ങൾ കുറവായതുകൊണ്ടാണെന്നും തുറന്നു പറയുകയാണ് നടി അനന്യ.

അനന്യ.photo. Screen Grab/ Youtube. Facebook.com
കഴിഞ്ഞ 20 വർഷത്തോളമായി ഒരേ തരത്തിലുള്ള കഥാപാത്രങ്ങളാണ് കൂടുതലായും ലഭിക്കുന്നതെന്നും, കഥ കേൾക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള എക്സൈറ്റ്മെന്റ് തോന്നിയാൽ മാത്രമേ സിനിമയ്ക്ക് സമ്മതം പറയാറുള്ളൂവെന്നും അനന്യ വ്യക്തമാക്കി.
‘സിനിമയെ ഞാൻ ചൂസ് ചെയ്യാത്തതല്ല, സിനിമ എന്നെ ചൂസ് ചെയ്യുന്നില്ല എന്നുള്ളതാണ് സത്യം. കാരണം എനിക്കറിയില്ല. വരുന്ന സിനിമകളിൽ കുറെ കഥകൾ ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ ഒരേ ഴോണറിലുള്ള കഥകളാണ് ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത്. കുറെ വർഷമായിട്ട് എനിക്ക് അങ്ങനെ തന്നെയാണ് വന്നുകൊണ്ടിരിക്കുന്നത്. ഏകദേശം 20 വർഷത്തോളമായില്ലേ. ഈ 20 വർഷവും എനിക്ക് ഒരേ പോലെയുള്ള കഥകളാണ് വരുന്നത്,’ അനന്യ പറഞ്ഞു.
കഥകൾ കേൾക്കുന്നുണ്ടെങ്കിലും അവയിൽ തനിക്ക് എക്സൈറ്റ്മെന്റ് തോന്നാത്തതാണ് പല സിനിമകളും ചെയ്യാതിരിക്കാൻ കാരണമെന്നും നടി പറഞ്ഞു. കഥാപാത്രമോ കഥയോ തനിക്ക് ചെറിയൊരു ആവേശമെങ്കിലും നൽകുന്നുണ്ടെങ്കിൽ മാത്രമേ സമ്മതം പറയാറുള്ളൂവെന്നും താരം വ്യക്തമാക്കി.
‘പല കഥകളും കേൾക്കുന്നുണ്ട്. പക്ഷേ നമുക്ക് ഒരു എക്സൈറ്റ്മെന്റ് തോന്നാറില്ല. കഥ കേട്ടിട്ട് എനിക്ക് എന്തെങ്കിലും എക്സൈറ്റഡ് ആയിട്ട് ഒരു ശതമാനമെങ്കിലും തോന്നിയാൽ മാത്രമേ ഞാൻ ഓക്കേ പറയുകയുള്ളൂ. അല്ലെങ്കിൽ ഇല്ല, ചെയ്യുന്നില്ല എന്ന് തന്നെ ഓപ്പൺ ആയിട്ട് പറയാറുണ്ട്,’ അനന്യ പറഞ്ഞു.
മറ്റുഭാഷകളിൽ സിനിമകൾ ചെയ്യുകയും മലയാളത്തിൽ സിനിമകൾ കുറയുകയും ചെയ്യുന്നതുകൊണ്ടാകാം പലരും താൻ മലയാള സിനിമകൾ ചെയ്യുന്നില്ലെന്ന് ചോദിക്കുന്നതെന്നും അനന്യ പറഞ്ഞു. എന്നാൽ നല്ല കഥാപാത്രങ്ങളും സിനിമകളും വന്നാൽ മലയാളത്തിൽ അഭിനയിക്കാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും താരം വ്യക്തമാക്കി.

അനന്യ.photo. Facebook.com
‘ചിലപ്പോൾ ഞാൻ അങ്ങനെ പറയുന്നതുകൊണ്ടാകാം, അല്ലെങ്കിൽ മറ്റുഭാഷകളിൽ സിനിമ ചെയ്യുന്നു, ഇവിടെ ചെയ്യുന്നില്ല എന്നുള്ളതുകൊണ്ടാകാം പലരും ചോദിക്കാറുണ്ട്, ‘മലയാളത്തിൽ സിനിമ ചെയ്യില്ലല്ലോ’ എന്ന്. സത്യം പറഞ്ഞാൽ മലയാളത്തിൽ പടങ്ങൾ ചെയ്യാത്തതല്ല. നല്ല സിനിമകൾ വന്നാൽ എന്തായാലും ചെയ്യും,’ അനന്യ പറഞ്ഞു.
Content Highlight: Ananya opens up about why she isn’t getting film offers
