2026 കാനഡ സൂപ്പർ 60 ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരം എല്ലാവരെയും അമ്പരപ്പിച്ച ഒരു വിചിത്ര സംഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒക്ടോബർ നാലിന് കാനഡയിലെ വാൻകൂവറിൽ നടന്ന നിർണായക നോക്കൗട്ട് മത്സരത്തിൽ ടൊറന്റോ സിക്സേഴ്സും മിസിസാഗ മാസ്റ്റേഴ്സും ഏറ്റുമുട്ടുകയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ സിക്സേഴ്സ് 10 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 130 സ്കോർ സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡാണ് ടീമിലെ മികച്ച സ്കോറെർ. 16 പന്തിൽ 40 റൺസാണ് താരം നേടിയത്. ആൻഡ്രിക്സ് ഗൗസ് 11 പന്തിൽ 33 റൺസും, ഇമാദ് വാസിം 13 പന്തിൽ 26 റൺസും, നിക്കോളാസ് പൂരാൻ 11 പന്തിൽ 19 റൺസും നേടി സ്കോർ നില മെച്ചപ്പെടുത്തിരുന്നു.

ടൊറന്റോയുടെ ഇന്നിങ്‌സിനിടെ മിസിസാഗ സ്പീഡ്‌സ്റ്റർ അലി ഖാൻ എറിഞ്ഞ ഒരു പന്താണ് വലിയ ചർച്ചയായി മാറിയത്. ഒമ്പതാം ഓവറിൽ കൈറോൺ പൊള്ളാർഡ് ക്രീസിൽ നിൽക്കെ അലി ഖാൻ എറിഞ്ഞ ഒരു ബൗൺസർ, വിക്കറ്റ് കീപ്പർക്ക് പോലും തടയാനാകാത്ത വിധം ഉയർന്നു നേരിട്ട് ബൗണ്ടറി ലൈൻ കടന്നിരുന്നു. വൈഡും സിക്‌സറും ചേർത്ത് ഏഴ് റൺസ് ലഭിക്കുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും, അമ്പയർ ടൊറന്റോയ്ക്ക് ആകെ അഞ്ച് റൺസ് മാത്രമാണ് അനുവദിച്ചത്.

എം.സി,സി നിയമം 19.7 പ്രകാരം പന്ത് ബാറ്റിൽ തട്ടിയാൽ മാത്രമേ സിക്സ് അനുവദിക്കുകയുള്ളൂ. ബാറ്റർ സ്പർശിക്കാത്ത പന്ത് നേരിട്ട് ബൗണ്ടറി കടന്നാലും അത് സിക്സായി കണക്കാക്കില്ല. വൈഡിന് ലഭിക്കുന്ന ഒരു റൺ പെനാൽറ്റിയും കൂടി ചേർന്നതോടെ ആകെ അഞ്ച് റൺസാണ് ലഭിക്കുക.

മത്സരത്തിൽ മറുപടി ബാറ്റിങ്ങിനിൽ 11 പന്തിൽ നിന്ന് 39 റൺസ് നേടിയ അലക്സ് ലീസ് മിസിസാഗ മാസ്റ്റേഴ്‌സിനെ കളിയിൽ നിലനിർത്തി. എന്നാൽ മറ്റ് ബാറ്റർമാരുടെ പിന്തുണ ലഭിക്കാത്തതിനാൽ മിസിസാഗ മാസ്റ്റേഴ്‌സ് 9 റൺസിന് പരാജയപ്പെടുകയായിരുന്നു. തുടർന്ന് ടൊറന്റോ സിക്സേഴ്‌സ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.

Content Highlights;  Ali Khan controversy ball in the Caneda super60 final match