വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ പടയോട്ടം തുടര്‍ന്ന് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് നായകന്‍ എ.ബി. ഡി വില്ലിയേഴ്‌സ്. കഴിഞ്ഞ സീസണില്‍ എവിടെ അവസാനിപ്പിച്ചോ, പുതിയ സീസണ്‍ അവിടെ നിന്ന് തന്നെ തുടങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചന നല്‍കിക്കൊണ്ടായിരുന്നു ഡി വില്ലിയേഴ്‌സിന്റെ പ്രകടനം.
കഴിഞ്ഞ സീസണില്‍ കിരീടത്തിനൊപ്പം ഏറ്റവുമധികം റണ്‍സ്, ഏറ്റവുമധികം ഫോര്‍, ഏറ്റവുമധികം സിക്‌സര്‍, ഏറ്റവും മികച്ച ശരാശരി, ഏറ്റവുമുയര്‍ന്ന ബാറ്റിങ് സ്‌ട്രൈക്, ടൂര്‍ണമെന്റിന്റെ താരം തുടങ്ങി പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടി സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് നായകന്‍ ടൂര്‍ണമെന്റിന്റെ മൂന്നാം സീസണിലും കുതിപ്പ് തുടരുകയാണ്.
സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് – വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് മത്സരത്തില്‍ 39 പന്ത് നേരിട്ട് 70 റണ്‍സുമായാണ് ഡി വില്ലിയേഴ്‌സ് കരുത്ത് കാട്ടിയത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് സിക്‌സറും നാല് ഫോറും അടക്കം 179.49 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു ക്യാപ്റ്റന്റെ പ്രകടനം.
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ അവസാന ആറ് ഇന്നിങ്‌സില്‍ ഇത് അഞ്ചാം തവണയാണ് ഡി വില്ലിയേഴ്‌സ് 50+ സ്‌കോര്‍ നേടുന്നത്. ഇതില്‍ മൂന്ന് സെഞ്ച്വറികളും ഉള്‍പ്പെടുന്നു.
63* (30), 116* (51), 123 (46), 6 (4), 120 (60), 70 (39) എന്നിങ്ങനെയാണ് അവസാന ആറ് ഇന്നിങ്‌സിലെ താരത്തിന്റെ പ്രകടനം.
അതേസമയം, വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെതിരായ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനായി ഓപ്പണര്‍ റിച്ചാര്‍ഡ് ലെവിയും തകര്‍ത്തടിച്ചിരുന്നു. 39 പന്തില്‍ 87 റണ്‍സുമായാണ് ലെവി തിളങ്ങിയത്. എട്ട് സിക്‌സറും അഞ്ച് ഫോറും അടക്കമാണ് ഓപ്പണര്‍ സ്‌കോര്‍ ചെയ്തത്.
ഇരുവരുടെയും കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് നേടിയത്.
വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനായി ഡേവ് മുഹമ്മദ് രണ്ട് വിക്കറ്റും റയാദ് എംറിറ്റ്, ഡ്വെയ്ന്‍ ബ്രാവോ, ഫിഡല്‍ എഡ്വാര്‍ഡ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് പ്ലെയിങ് ഇലവന്‍
റിച്ചാര്‍ഡ് ലെവി, ഫാഫ് ഡു പ്ലെസി, എ.ബി. ഡി വില്ലിയേഴ്‌സ്, കോളിന്‍ ഇന്‍ഗ്രം, മോണി വാന്‍ വൈക് (വിക്കറ്റ് കീപ്പര്‍), സാരെല്‍ എര്‍വീ, ആരോണ്‍ ഫാന്‍ഗിസോ, വെയ്ന്‍ പാര്‍ണെല്‍, മര്‍ച്ചന്റ് ഡി ലാംഗെ, ഇമ്രാന്‍ താഹിര്‍, റോബര്‍ട്ട് ഫ്രൈലിങ്ക്.
വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് പ്ലെയിങ് ഇലവന്‍
ക്രിസ് ഗെയ്ല്‍ (ക്യാപ്റ്റന്‍), ലെന്‍ഡില്‍ സിമ്മണ്‍സ്, ചാഡ്വിക് വാള്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), ഡ്വെയ്ന്‍ ബ്രാവോ, കാര്‍ലോസ് ബ്രാത്വെയ്റ്റ്, റെയ്മണ്‍ റീഫര്‍, ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്, റയാദ് എംറിറ്റ്, ഫിഡല്‍ എഡ്വാര്‍ഡ്‌സ്, സുലൈമാന്‍ ബെന്‍, ഡേവ് മുഹമ്മദ്.
Content Highlight: AB de Villiers’ brilliant batting performance in World Championship Of Legends
