കേരളത്തിലെ സാനിട്ടറി മാലിന്യസംസ്കരണത്തിന് സർക്കാർ നയം രൂപീകരിക്കണമെന്ന് അഭിനേതാവും സാമൂഹ്യ പ്രവർത്തകയുമായ മാലാ പാർവ്വതി. കേരളത്തിൽ ഒരു ദിവസം 150 ടൺ സാനിട്ടറി മാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകളെന്നും ഇതുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തത്തെക്കുറിച്ച് ചർച്ചകൾ ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണെന്നും മാലാ പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു.

സമൂഹമാധ്യമങ്ങളിലെ ചില ചർച്ചകൾ കണ്ടപ്പോഴാണ് കേരളത്തിലെ സാനിട്ടറി മാലിന്യ സംസ്കരണം എങ്ങനെയാണെന്ന് ആലോചിക്കുന്നതെന്നും എല്ലാ വീടുകളിലെയും സ്ത്രീകൾ ഉപയോഗിക്കുന്ന നാപ്കിനുകൾ, കുട്ടികൾ ഉള്ള വീടുകളിലെ ഡയപ്പറുകൾ ഒക്കെ എന്താണ് ചെയ്യുന്നത് എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും മാലാ പാർവ്വതി തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സാനിട്ടറി മാലിന്യസംസ്കരണത്തെക്കുറിച്ച് പ്രമുഖ പതോളജിസ്റ്റും സാമൂഹ്യപ്രവർത്തകനുമായ ഡോ. കെ. പി അരവിന്ദനും ഫെയ്സ്ബുക്കിൽ ചർച്ച ഉയർത്തിയിരുന്നു. കേരളം ഇപ്പോഴും നേരിടുന്ന വലിയൊരു പൊതുജനാരോഗ്യ പ്രശ്നമാണ് സാനിറ്ററി വേസ്റ്റിൻ്റെ ശരിയായ രീതിയിലുള്ള കൈകാര്യം ചെയ്യലെന്നും പക്ഷേ ഇവ ശരിയായി സംസ്കരിക്കുക എന്നത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

പലയിടത്തും ഇവ പ്ലാസ്റ്റിക് കവറിലാക്കി റോഡരികിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്നു. ചില നഗരങ്ങളിൽ വീട്ടിൽത്തന്നെ കത്തിച്ചുകളയുന്നു. തുറസ്സായ സ്ഥലത്ത് കത്തിക്കുമ്പോൾ വിഷവാതകവും പൊടിപടലവും പുറത്തുവരും.

ഇവ നിയന്ത്രണമില്ലാതെ കത്തിക്കുമ്പോൾ വളരെ ചെറിയ പൊടിപടലങ്ങളും (PM2.5) പലതരം വിഷവാതകങ്ങളും അന്തരീക്ഷത്തിലേക്ക് പുറത്തുവരുന്നു. ഡയോക്സിൻ, ഫ്യൂറാൻ തുടങ്ങിയ അപകടകരമായ രാസവസ്തുക്കളും ഇതിൽ ഉൾപ്പെടും. ഇവ ശ്വാസകോശരോഗങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും കാൻസറിനും കാരണമാകാവുന്ന ഗുരുതരമായ വായുമലിനീകരണമാണ്.

മാലിന്യം വലിച്ചെറിയുന്നത് മണ്ണിനും വെള്ളത്തിനും ഭീഷണിയാണെന്നും അദ്ദേഹം തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. കേരളത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും ഹരിതകർമ്മസേന മുതൽ ക്ലീൻ കേരള കമ്പനി വരെയുള്ള ഘടകങ്ങൾ ചേർന്ന ഒരു കേന്ദ്രീകൃത സർക്കാർ സംവിധാനം നിലവിലുണ്ട്. ഇതേരീതിയിൽ സാനിട്ടറി മാലിന്യ സംസ്കരണത്തിനും ഒരു സംവിധാനം ഉണ്ടായി വരണം എന്ന ആവശ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നു വരുന്നത്.

മാലാ പാർവതിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

സമൂഹമാധ്യമങ്ങളിലെ ചില ചർച്ചകൾ കണ്ടപ്പോഴാണ് കേരളത്തിലെ സാനിട്ടറി മാലിന്യ സംസ്കരണം എങ്ങനെയാണെന്ന് ആലോചിക്കുന്നത്. എല്ലാ-

സിറ്റിയിലും മറ്റുമുള്ള അപ്പാർട്ട്മൻ്റുകളിലും ചിലർ വീടുകളിൽത്തന്നെയും ചെറിയ ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നത് കണ്ടിട്ടുണ്ട്. നമ്മളിൽ ചിലരെങ്കിലും അതിനെ ആശ്രയിക്കാറുണ്ടാകും. എന്നാൽ പ്ലാസ്റ്റിക്കുകൾ കൊണ്ട് നിർമ്മിച്ച ഈ നാപ്കിനുകളും ഡയപ്പറുകളുമൊന്നും ഇത്തരം ഇൻസിനറേറ്ററുകളിൽ പൂർണമായും കത്തില്ലെന്നും നല്ല അന്തരീക്ഷ മലിനീകരണമാണുണ്ടാക്കുകയെന്നും ഇതേക്കുറിച്ച് അറിവുള്ളവർ പറയുന്നു.

ചുരുക്കം ചില സ്ഥലങ്ങളിൽ ആക്രി ആപ്പ് പോലെയുള്ള സർവ്വീസുകൾ ഇത് കളക്ട് ചെയ്യാറുണ്ട്. അവർ ഇത് ശാസ്ത്രീയമായിട്ട് സംസ്ക്കരിക്കുന്നുണ്ട്. പക്ഷേ അവർ അതിനീടാക്കുന്ന ചാർജ് എല്ലാവർക്കും താങ്ങാവുന്നതല്ല.

ശരിക്കും താരതമ്യേന കുറഞ്ഞ ചിലവിൽ ഇത് ശേഖരിക്കാനും ശാസ്ത്രീയമായി സംസ്‌കരിക്കാനുമുള്ള ഒരു സംവിധാനം ഉണ്ടാക്കാൻ സർക്കാർ നയം രൂപീകരിക്കേണ്ടതല്ലേ ? കേരളത്തിൽ ഒരു ദിവസം 150 ടൺ സാനിട്ടറി മാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ. അപ്പോൾ ഇതൊരു ചെറിയ പ്രശ്നമല്ലല്ലോ. ഇതുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് ചർച്ചകൾ ഉണ്ടാകുന്നതായി കാണുന്നില്ല എന്നത് ഖേദകരമാണ്.

ഡോ. കെ.പി അരവിന്ദൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഇപ്പോഴും രാവിലെ പലയിടങ്ങളിലും കാണുന്ന കാഴ്ചയാണ് റോഡരികിലെ ഇത്തരം സമ്മാനപ്പൊതികൾ. കേരളം ഇപ്പോഴും നേരിടുന്ന വലിയൊരു പൊതുജനാരോഗ്യ പ്രശ്നമാണ് സാനിറ്ററി വേസ്റ്റിൻ്റെ ശരിയായ രീതിയിലുള്ള കൈകാര്യം ചെയ്യൽ. സാനിറ്ററി നാപ്കിനുകളുടെയും കുഞ്ഞുങ്ങൾക്കും പ്രായമായവർക്കുമുള്ള ഒറ്റത്തവണ ഉപയോഗ ഡയപ്പറുകളുടെയും ഉപയോഗം കേരളത്തിൽ കൂടിവരികയാണ്.

ഇവ സൗകര്യപ്രദവും ആവശ്യവുമാണ്. അത് നിഷേധിക്കാനാവില്ല. പക്ഷേ ഇവ ശരിയായി സംസ്കരിക്കുക എന്നത് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. പലയിടത്തും ഇവ പ്ലാസ്റ്റിക് കവറിലാക്കി റോഡരികിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്നു. ചില നഗരങ്ങളിൽ വീട്ടിൽത്തന്നെ കത്തിച്ചുകളയുന്നു. തുറസ്സായ സ്ഥലത്ത് കത്തിക്കുമ്പോൾ വിഷവാതകവും പൊടിപടലവും പുറത്തുവരും.

ഇവ നിയന്ത്രണമില്ലാതെ കത്തിക്കുമ്പോൾ വളരെ ചെറിയ പൊടിപടലങ്ങളും (PM2.5) പലതരം വിഷവാതകങ്ങളും അന്തരീക്ഷത്തിലേക്ക് പുറത്തുവരുന്നു. ഡയോക്സിൻ, ഫ്യൂറാൻ തുടങ്ങിയ അപകടകരമായ രാസവസ്തുക്കളും ഇതിൽ ഉൾപ്പെടും. ഇവ ശ്വാസകോശരോഗങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും കാൻസറിനും കാരണമാകാവുന്ന ഗുരുതരമായ വായുമലിനീകരണമാണ്.

മാലിന്യം വലിച്ചെറിയുന്നത് മണ്ണിനും വെള്ളത്തിനും ഭീഷണിയാണ്. ഇതിന് ഒറ്റ പരിഹാരമില്ല. വീട്ടിൽത്തന്നെ വേർതിരിക്കൽ, ഹരിതകർമസേന വഴി പ്രത്യേകം ശേഖരിക്കൽ, ശാസ്ത്രീയമായ സംസ്കരണം, വീണ്ടും ഉപയോഗിക്കാവുന്ന ആർത്തവ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കൽ, നിർമ്മാതാക്കളുടെ ഉത്തരവാദിത്തം — ഇതെല്ലാം ചേർന്ന ഒരു സമീപനമാണ് വേണ്ടത്.

വർക്കലയിൽ പരീക്ഷിച്ച ശുചിത്വ മിഷൻ–ക്ലീൻ കേരള മാതൃകയും അത് മറ്റ് നാല് കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന പദ്ധതിയും ശ്രദ്ധേയമായ തുടക്കമാണ്. ഇവ ഫലപ്രദമാണെന്ന് ഉറപ്പുവരുത്തി കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കണം. ഒരു പ്രതീക്ഷയുണ്ട്: പുതിയ സർക്കാർ, മുൻ സർക്കാർ ശുചിത്വ മിഷനിലൂടെയും ഹരിതകർമസേനയിലൂടെയും നേടിയ നേട്ടങ്ങൾ ഉപേക്ഷിക്കാതെ അവയെ കൂടുതൽ ശക്തമാക്കുകയും വികസിപ്പിക്കുകയും ചെയ്യട്ടെ.

മാലിന്യസംസ്കരണം ഒരു സർക്കാരിന്റെ മാത്രം പദ്ധതിയല്ല. അത് കേരളത്തിന്റെ ആരോഗ്യത്തിന്റെയും പരിസ്ഥിതിയുടെയും ഭാവിയുടെയും വിഷയമാണ്.

Content Highlight: Keralam needs  a proper method to dispose sanitary napkins  and diapers, says Mala Parvathi and Dr KP  Aravindan.