കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ അപമാനിച്ച വിഷയത്തില്‍ പ്രതികരിക്കുന്നില്ലേയെന്ന് ഇന്‍സ്റ്റഗ്രാമില്‍ നടി റിമ കല്ലിങ്കലിനോടുള്ള ചോദ്യവും അതിന് താരം നല്‍കിയ മറുപടിയും ചര്‍ച്ചയാകുന്നു.

റിമ ഒരു യാത്രയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചുള്ളതിന് വന്ന കമന്റിനാണ് റിമ മറുപടി നല്‍കിയത്. ‘ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ’ എന്നായിരുന്നു കമന്റ്. പിന്നാലെ മറുപടിയുമായി റിമ എത്തി. ‘ചേട്ടന്‍ എന്നെ പണി ഏല്‍പ്പിച്ച് ബാങ്കില്‍ പേയ്മെന്റ് ഇട്ടിരുന്നോ’ എന്നായിരുന്നു റിമയുടെ മറുപടി.

അതേസമയം, വിഷയത്തില്‍ അബ്ദുള്ളമുസ്‌ലിയാരെ പിന്തുണച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രംഗത്തെത്തി. എം.ടി. ഉസ്താദിനെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ നിഷ്‌കളങ്കമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമോഫോബിക് കണ്ടന്റായി സമൂഹ മാധ്യമങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈ അടുത്ത് ഉയര്‍ന്നുവന്ന ചില വര്‍ഗീയ സംഘടനകളാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നവാസിന്റെ പ്രതികരണം.