പത്തരമാറ്റില്‍ വരവറിയിച്ച് ഹല മാഡ്രിഡ്; തൂക്കിയത് 40 കിലോയുടെ കിരീടം
Football
പത്തരമാറ്റില്‍ വരവറിയിച്ച് ഹല മാഡ്രിഡ്; തൂക്കിയത് 40 കിലോയുടെ കിരീടം
സുദേവ് എ
Thursday, 13th August 2026, 4:04 pm

പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി തെരസ ഹെമേര ട്രോഫി സ്വന്തമാക്കി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. ഡിപോര്‍ട്ടീവോ ലാ കൊരുണയെ വീഴ്ത്തിയാണ് റയലിന്റെ കിരീട നേട്ടം.

ഡിപോര്‍ട്ടീവോയുടെ തട്ടകമായ റിയാസര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ലോസ് ബ്ലാങ്കോസ് വിജയിച്ചു കയറിയത്. റയലിന്റെ പത്താം തെരസ ഹെമേര ട്രോഫിയാണിത്.

തെരസ ഹെമേര ടൂര്‍ണമെന്റ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ടൂര്‍ണമെന്റുകളില്‍ ഒന്നാണ്. തെരസ ഹെമേര മത്സരത്തിന്റെ മറ്റുള്ള ടൂര്‍ണമെന്റില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത് വിജയികള്‍ക്ക് നല്‍കുന്ന ട്രോഫിയാണ്. സാധാരണ ട്രോഫിയെ പോലെയല്ല ഈ ടൂര്‍ണമെന്റ് വിജയികള്‍ക്ക് നല്‍കുന്ന ഈ ട്രോഫിക്ക് ഏകദേശം 40 കിലോ ഗ്രാം തൂക്കമുണ്ട്.

അതിമനോഹരമായ കൊത്തുപണികളോടെ നിര്‍മിച്ച കൂറ്റന്‍ ട്രോഫിയാണ് റയല്‍ ഉയര്‍ത്തിയത്. ഒരു താരത്തിന് ഒറ്റയ്ക്ക് ഈ കിരീടം ഉയര്‍ത്താന്‍ സാധിക്കില്ല. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഭാരം കൂടിയ ട്രോഫിയയാണ് തെരസ ഹെമേരയെ കണക്കാക്കുന്നത്.

അതേസമയം മത്സരത്തില്‍ ബ്രാഹിം ഡയസാണ് റയലിനായി ഏക ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ എക്‌സ്ട്രാ ടൈമിലായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്.

ആദ്യ പകുതി ഈ ഗോളിന്റെ പിന്‍ബലത്തില്‍ കളത്തിലിറങ്ങിയ റയല്‍ മാഡ്രിഡ് രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തമാക്കിയതോടെ റയല്‍ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.

സ്പാനിഷ് ലീഗിന്റെ പുതിയ സീസണ് ഓഗസ്റ്റ് 15നാണ് തുടക്കമാവുന്നത്. ഓഗസ്റ്റ് 23ന് എസ്പാനിയോളിനെതിരെയാണ് റയലിന്റെ ആദ്യ മത്സരം. ലാ ലീഗക്ക് മുന്നോടിയായി ലോസ് ബ്ലാങ്കോസ് ഒരു സൗഹൃദ മത്സരം കൂടി കളിക്കും.

രണ്ട് സീസണുകളിലായി സ്പാനിഷ് ലീഗില്‍ ചാമ്പ്യന്മാരാവാന്‍ റയലിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് സീസണുകളിലായി ബാഴ്‌സലോണയുടെ ആധിപത്യമാണ്. ഇത്തവണ ഹോസെ മൗറീഞ്ഞോയുടെ കീഴില്‍ റയല്‍ മാഡ്രിഡ് കറ്റാലന്മാരുടെ ആധിപത്യം തകര്‍ത്തെറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Content Highlight: Real Madrid won Teresa Herrera Trophy 2026

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.