വനിതകള്‍ക്കായി ഫുട്‌ബോള്‍ ടീം രൂപീകരിക്കാന്‍ റിയല്‍ കശ്മീര്‍ എഫ്.സി
Football
വനിതകള്‍ക്കായി ഫുട്‌ബോള്‍ ടീം രൂപീകരിക്കാന്‍ റിയല്‍ കശ്മീര്‍ എഫ്.സി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th September 2020, 3:11 pm

ശ്രീനഗര്‍: വനിതകള്‍ക്കായി ഫുട്‌ബോള്‍ ടീം രൂപീകരിക്കുമെന്ന് റിയല്‍ കശ്മീര്‍ എഫ്.സി. ദേശീയ ടൂര്‍ണ്ണമെന്റുകളില്‍ മത്സരിക്കാനുതകുന്ന തരത്തില്‍ ടീമിനെ പാകപ്പെടുത്തുമെന്ന് റിയല്‍ കശ്മീര്‍ ചെയര്‍മാന്‍ സന്ദീപ് ചാറ്റൂ പറഞ്ഞു.

കശ്മീരിലെ പെണ്‍കുട്ടികള്‍ക്കായാണ് ടീമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പെണ്‍കുട്ടികള്‍ക്ക് ഉയര്‍ന്ന കായികശേഷിയുണ്ട്. അവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയാല്‍ കാതങ്ങള്‍ സഞ്ചരിക്കാന്‍ കഴിയും’, അദ്ദേഹം പറഞ്ഞു.


സന്ദീപിന്റെ ഭാര്യ പൂനമായിരിക്കും പെണ്‍കുട്ടികളുടെ ടീമിനെ ആദ്യഘട്ടത്തില്‍ പരിശീലിപ്പിക്കുക. പൂനത്തിന് കായികരംഗത്ത് മുന്‍പരിചയമില്ലെന്നും ആര്‍.കെ.എഫ്.സിയെ താന്‍ പരിശീലിപ്പിക്കുന്നത് കണ്ടുള്ള പരിചയം മാത്രമെ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഉത്തരവാദിത്വം ഭാരിച്ചതാണ്. എന്നാല്‍ എനിക്ക് താഴ്‌വരയിലെ പെണ്‍കുട്ടികളെ നന്നായറിയാം. അവസരം കിട്ടിയാല്‍ അവര്‍ ഉയരങ്ങളിലെത്തും’, പൂനം പറഞ്ഞു.

കശ്മീരിലെ പെണ്‍കുട്ടികള്‍ ആരുടേയും സഹായമില്ലാതെ എത്ര കഠിനമായ ജോലികളും ചെയ്യും. അതുകൊണ്ടുതന്നെ അവരെ കായികമേഖലയിലേക്ക് കൊണ്ടുവരണമെന്ന് തങ്ങളാഗ്രഹിക്കുന്നുവെന്നും പൂനം പറഞ്ഞു.

അണ്ടര്‍ 10,14 ടീമുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐ-ലീഗില്‍ മത്സരിക്കുന്ന റിയല്‍ കശ്മീര്‍ എഫ്.സിയുടെ വന്‍ വിജയത്തിന് ശേഷം വനിതാ ടീം രൂപീകരിക്കണമെന്ന് ആരാധകര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

Content Highlight: Real Kashmir FC announces formation of all-women’s football team