അബുദാബി: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അനായാസ വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് എടുക്കാന്‍ കഴിഞ്ഞത്.
എന്നാല്‍ പതിനെട്ട് ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം നേടുകയായിരുന്നു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും ഇയന്‍ മോര്‍ഗന്റെയും ബാറ്റിംഗാണ് കൊല്‍ക്കത്തയ്ക്ക് തുണയായത്. 62 പന്തുകളില്‍ നിന്നും പുറത്താവാതെ 70 റണ്‍സാണ് ശുഭ്മാന്‍ നേടിയത്.
38 പന്തുകളില്‍ നിന്നും 51 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്റെ ടോപ്പ് സ്കോറര്‍. സണ്‍റൈസേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന്റെ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബെയര്‍സ്റ്റോയെ പാറ്റ് കമ്മിന്‍സ് ബൗള്‍ഡാക്കി.
തുടര്‍ന്നിറങ്ങിയ മനീഷ് പാണ്ഡെ വാര്‍ണറുമായി ചേര്‍ന്ന് പതിയെ ഇന്നിങ്സ് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി വാര്‍ണറെ പുറത്താക്കിയ. 30 പന്തുകളില്‍ നിന്നും 36 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്.
പിന്നീട് ക്രീസിലെത്തിയ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹ കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ കരുതലോടെയാണ് പാണ്ഡെയുമായി റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ചു. ആദ്യത്തെ പത്തോവറില്‍ 61 റണ്‍സ് മാത്രമാണ് സണ്‍റൈസേഴ്സിന് നേടാനായത്. പതിയെ ഇരുവരും ചേര്‍ന്ന് സ്കോര്‍ 100 കടത്തി. ഇരുവരും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 35 പന്തുകളില്‍ നിന്നും പാണ്ഡെ അര്‍ധ സെഞ്ചുറി നേടി.
എന്നാല്‍ അര്‍ധ സെഞ്ചുറി നേടിയ ഉടനെ തന്നെ പാണ്ഡെയുടെ വിക്കറ്റ് ആന്ദ്രെ റസ്സല്‍ എടുത്തു. പിന്നീട് ക്രീസിലെത്തിയ അഫ്ഗാന് ഓള്‍റൗണ്ടറായ നബിയ്ക്കൊപ്പം സാഹ അവസാന ഓവറുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴച്ച വെച്ചെങ്കിലും അവസാന ഓവറില്‍ സ റണ്‍ഔട്ട് ആയി.
31 പന്തുകളില്‍ നിന്നും 30 റണ്‍സായിരുന്നു സാഹ നേടിയത്. ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ബോളിംഗ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്. നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.
തുടര്‍ന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം ആശ്വാസമായിരുന്നില്ല. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ സുനില്‍ നരെയ്നിന്റെ വിക്കറ്റ് നഷ്ടമായി. ഹൈദരാബാദിന്റെ ഖലീല്‍ അഹമ്മദായിരുന്നു വിക്കറ്റ് വീഴ്ത്തിയത്. എന്നാല്‍ പിന്നീട് എത്തിയ നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് കൂട്ട് കെട്ട് ഉണ്ടാക്കുകയായിരുന്നു. ഖലീല്‍ അഹമ്മദെറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ഫോറുകളാണ് നിതീഷ് റാണ നേടിയത്. എന്നാല്‍ സണ്‍റൈസേഴ്സിന്റെ നടരാജന്റെ ആദ്യ ഓവറില്‍ റാണ പുറത്തായി. 13 പന്തുകളില്‍ നിന്നും 26 റണ്‍സായിരുന്നു റാണ നേടിയത്.
പിന്നാലെ ഇറങ്ങിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്ക് ഡക്കിന് ഔട്ടായി. എന്നാല്‍ വിക്കറ്റുകള്‍ വീഴുമ്പോഴും ശുഭ്മാന്‍ സ്്കോര്‍ ബോര്‍ഡ് ഉയര്‍ത്തുന്നുണ്ടായിരുന്നു.
വിക്കറ്റുകള്‍ നല്‍കാതെ കളിച്ച ഗില്ലും മോര്‍ഗനുമാണ് കൊല്‍ക്കത്തയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. അവസാന ഓവറുകളില്‍ മോര്‍ഗന്റെ തകര്‍പ്പന്‍ ഷോട്ടുകളാണ് മോര്ഗന് കളിച്ചത്. ഇതോടെ 18 ഓവറില്‍ തന്നെ കൊല്‍ക്കത്ത വിജയം നേടുകയായിരുന്നു. 29 പന്തുകളില്‍ നിന്നും പുറത്താവാതെ 42 റണ്‍സ് ആണ് മോര്ഗന് നേടിയത്.
മോര്‍ഗനും ശുഭ്മാനും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക