ലീഗ് വണ്ണില്‍ നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് തോല്‍വി. മൊണോക്കോയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പി.എസ്.ജി പരാജയപ്പെട്ടത്. ഈ സീസണിലെ മൂന്നാം മത്സരത്തിലും ആദ്യ ജയം കണ്ടെത്താനാവാതെ പി.എസ്.ജി പതറുകയാണ്.

ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ കുടുങ്ങിയ പി.എസ്.ജി ആദ്യ ജയം ലക്ഷ്യം വെച്ചായിരുന്നു മൊണോക്കോക്കെതിരെ കളത്തിലിറങ്ങിയത്. എന്നാല്‍ സീസണിലെ ആദ്യ തോല്‍വി നേരിട്ട് കൊണ്ട് പി.എസ്.ജി പോയിന്റ് പട്ടികയില്‍ 12ാം സ്ഥാനത്തേക്ക് വീണു.

പി.എസ്.ജിയെ വീഴ്ത്തിയതോടെ മൊണോക്കോ പരിശീലകന്‍ ഫിലിപ്പെ ലൂയിസ് ഒരു ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. മൊണോക്കോയെ ആദ്യ അഞ്ച് മത്സരങ്ങളിലും വിജയത്തിലേക്ക് നയിച്ച പരിശീലകനായാണ് മുന്‍ ബ്രസീലിയന്‍ താരം കൂടിയായ ഫിലിപ്പെ ലൂയിസ് മാറിയത്.

ആദ്യ അഞ്ച് മത്സരങ്ങളിലും 100 ശതമാനം വിജയവുമായാണ് ഫിലിപ്പെ ലൂയിസിന്റെ കീഴില്‍ മൊണോക്കോ കുതിക്കുന്നത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ മറ്റൊരു പരിശീലകനും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് ഫിലിപ്പെ കൈപ്പിടിയിലാക്കിയിരുന്നത്.

മത്സരത്തില്‍ മൊണോക്കോക്കെതിരെ ആദ്യം ലീഡ് നേടിയത് പാരീസാണ്. മാര്‍ക്വീനോസ് ആണ് പി.എസ്.ജിക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. മത്സരത്തിന്റെ 31ാം മിനിട്ടിലാണ് താരത്തിന്റെ ഗോള്‍ നേട്ടം. ആദ്യ പകുതി എതിരില്ലാത്ത ഒരു ഗോളിന് സ്വന്തമാക്കിയ പി.എസ്.ജിക്കെതിരെ മൊണോക്കോ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

58ാം മിനിട്ടില്‍ ഫ്ളാവിയോ നാസിന്‍ഹോയിലൂടെ മൊണോക്കോ തിരിച്ചടിച്ചു. 72 ാം മിനിട്ടില്‍ സ്റ്റാനിസ് ഇഡുംബോ മൊണാക്കോക്ക് വേണ്ടി വിജയ ഗോളും സ്വന്തമാക്കി.

ഹാട്രിക് വിജയത്തോടെ ഫ്രഞ്ച് ലീഗ് പോയിന്റ് പട്ടികയില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് മൊണോക്കോ. സെപ്റ്റംബര്‍ 12ന് ആര്‍സി സ്ട്രാസ്ബര്‍ഗ് അല്‍സേസിനെതിരെയാണ് മൊണോക്കോയുടെ അടുത്ത മത്സരം.

എട്ട് തവണ ഫ്രഞ്ച് ലീഗ് ജേതാക്കളായ മൊണോക്കോ 2016-17 സീസണിലായിരുന്നു ഫ്രഞ്ച് ഫുട്ബാളിന്റെ നെറുകയിലെത്തിയത്. ചരിത്രത്തിലെ ഒമ്പതാം ലീഗ് ടൈറ്റിലായിരിക്കും മുന്‍ ബ്രസീലിയന്‍ താരത്തിന്റെ കീഴില്‍ മൊണോക്കോ ലക്ഷ്യം വെക്കുക.

 

Content Highlight: Brazilian coach Filipe Luis create a new history for Monocco