ഗിരീഷ് എ.ഡിയുടെ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടന്മാരിലൊരാളാണ് വിനീത് വിശ്വം. അങ്കമാലി ഡയറീസിലെ മുഴുനീള വേഷം ചെയ്തുകൊണ്ട് കടന്നുവന്ന വിനീത് സൂപ്പര്‍ ശരണ്യ, ഐ ആം കാതലന്‍ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിലും വിനീത് ചെറിയവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ജോയലിന്റെ ഷോര്‍ട്ട് ഫിലിമിലെ നായകനായ നന്ദന്‍ വെങ്കിടങ്ങായിട്ടാണ് വിനീത് വേഷമിട്ടത്. ബെത്‌ലഹേമിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവിട്ട ഷോര്‍ട്ട് ഫിലിമിലും വിനീത് കൈയടി നേടുന്നുണ്ട്. ഗിരീഷ് എ.ഡിക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ താന്‍ കൂടുതല്‍ കംഫര്‍ട്ടാകാറുണ്ടെന്ന് വിനീത് പറയുന്നു. സൂപ്പര്‍ ശരണ്യയില്‍ നിന്ന് ബെത്‌ലഹേമിലേക്കെത്തിയപ്പോഴുള്ള മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനീത് വിശ്വം.

സൂപ്പര്‍ ശരണ്യയില്‍ ചെറിയ വേഷം ചെയ്ത മമിത ബൈജു ബെത്‌ലഹേമില്‍ നായികയാണ്. സൂപ്പര്‍സ്റ്റാറായി മാറിയ ശേഷം അവരുമായുള്ള ഷൂട്ടിങ് എങ്ങനെയുണ്ടായിരുന്നെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയാണ് താരം. സൂപ്പര്‍ ശരണ്യയില്‍ തനിക്കും മമിതക്കും ആകെ കുറച്ച് കോമ്പിനേഷന്‍ സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് വിനീത് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സൂപ്പര്‍ ശരണ്യയില്‍ എനിക്ക് മമിതയുമായി ഒന്നോ രണ്ടോ കോമ്പിനേഷന്‍ സീനുകള്‍ മാത്രമേയുള്ളൂ. മസ്‌കാര സീന്‍, അതുപോലെ ഔട്ട്പുട്ട് കിട്ടി എന്ന് പറയുന്ന സീനൊക്കെ നല്ല രസമായിരുന്നു. അവിടുന്ന് ബെത്‌ലഹേമിലേക്കെത്തുമ്പോള്‍ മമിതയുടെ ഗ്രോത്ത് വളരെ വലുതാണ്. വിജയ്‌യുടെ കൂടെയൊക്കെ അഭിനയിച്ച് സ്റ്റാറായി മാറിയ ആളാണ് മമിത.

പക്ഷേ, അതിന്റെ യാതൊരു ജാഡയും തലക്കനവും അവര്‍ക്കുണ്ടായിരുന്നില്ല. നമ്മളെയൊന്നും മറക്കാതെ ‘ചേട്ടാ’ എന്നൊക്കെ വിളിച്ച് അടുത്ത് വന്ന് സംസാരിക്കും. വലിയ ആളായെന്ന് വെച്ച് പെരുമാറ്റമൊന്നും മാറിയില്ല. അന്നത്തെ മമിത എങ്ങനെയാണോ അതുപോലെയാണ് ഇപ്പോഴും. വളരെ ഗ്രൗണ്ടഡാണ് ആള്‍ അന്നും ഇന്നും,’ വിനീത് വിശ്വം പറയുന്നു.
പ്രേമലുവിന്റെ ഗംഭീര വിജയത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളി നായകനായെ ചിത്രം ബോക്‌സ് ഓഫീസില്‍ പിടിച്ചാല്‍ നിര്‍ത്താത്ത കുതിപ്പിലേക്കാണ് പോകുന്നത്. വേള്‍ഡ്‌വൈഡായി 250 കോടിക്കടുത്ത് നേടിയ ചിത്രം കേരളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റാകാനും സാധ്യതയുണ്ട്.
Content Highlight: Vineeth Vishwam about acting with Mamitha Baiju
