പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലെത്തിയ ചിത്രമാണ് ഖലീഫ. വന്‍ ബജറ്റും വലിയ താരനിരയുമായെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഓണം റിലീസിന്റെ അഡ്വാന്റേജ് മുതലെടുത്ത് തരക്കേടില്ലാത്ത വിജയം ഖലീഫ സ്വന്തമാക്കി. ബോക്‌സ് ഓഫീസില്‍ ഇതിനോടകം 50 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്.

റിലീസിന് മുമ്പ് ഖലീഫയുടെ ഹൈപ്പുയര്‍ത്തിയത് പൃഥ്വിയുടെ ലൊക്കേഷന്‍ ചിത്രങ്ങളായിരുന്നു. ബോഡി ട്രാന്‍സ്‌ഫോര്‍മേഷനും പഴയകാലത്തെ ഗെറ്റപ്പുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രത്തിലെ ഒരു രംഗം ഇപ്പോള്‍ ട്രോളന്മാരുടെ ഇരയായിരിക്കുകയാണ്. പൃഥ്വിരാജ് അവതരിപ്പിച്ച ആമിര്‍ അലി നായികയെ പ്രൊപ്പോസ് ചെയ്യുന്ന സീനാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്.

സുഹൃത്തിന്റെ കല്യാണത്തിനിടയില്‍ വെച്ച് നായികയായ ഫിസയെ കാണുന്ന ആമിര്‍ അലി പിന്നീട് വഴിയില്‍ വെച്ച് പ്രൊപ്പോസ് ചെയ്യുന്ന ഡയലോഗ് അങ്ങേയറ്റം ക്രിഞ്ചാണ്. ‘എന്റെ ഉമ്മയുടെ സങ്കല്പത്തിലെ മരുമകള്‍ക്ക് ഫിസയുടെ മുഖമാണ്’ എന്ന് പറഞ്ഞതിന് ശേഷം നായികയുമായുള്ള റൊമാന്‍സാണ് കാണിക്കുന്നത്. 2000 കാലഘട്ടങ്ങളില്‍ പുറത്തുവന്ന ആല്‍ബം പാട്ടുകളില്‍ പോലും ഇത്തരം ക്രിഞ്ച് സീനുകള്‍ ഇല്ലെന്നാണ് കമന്റുകള്‍.

ഇത് ആദ്യമായല്ല പൃഥ്വിയുടെ വക ഇത്തരം ക്രിഞ്ച് പ്രൊപ്പോസല്‍. 2017ല്‍ റിലീസായ ആദം ജോണില്‍ പൃഥ്വിരാജിന്റെ കഥാപാത്രം നായികയെ പ്രൊപ്പോസ് ചെയ്യുന്നതും ഇതുപോലെയാണ്. രണ്ട് സീനുകളും ഒന്നിച്ച് വെച്ചുകൊണ്ടുള്ള ട്രോള്‍ വീഡിയോ ഇതിനോടകം വൈറലായി. നായിക മാത്രമേ മാറിയുള്ളൂവെന്നും ബാക്കിയെല്ലാം ഒരുപോലെയാണെന്നുമാണ് പോസ്റ്റിന്റെ ക്യാപ്ഷന്‍.

രണ്ട് സിനിമകളുടെയും തിരക്കഥ ജിനു അബ്രഹാമിന്റേതാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. കാലം മാറിയതറിയാതെയുള്ള ഇത്തരം സീനുകള്‍ എഴുതിവെക്കാന്‍ എങ്ങനെ തോന്നുന്നുവെന്നും ചിലര്‍ ചോദിക്കുന്നു. ഒ.ടി.ടി റിലീസിന് ശേഷം എയറില്‍ പോകാന്‍ ഏറ്റവും സാധ്യതയുള്ളത് ജിനുവാണെന്നും പലരും ഇപ്പോഴേ പ്രവചിക്കുന്നുണ്ട്.

നായികയായ മാളവിക ശര്‍മക്കും ട്രോളുകളുണ്ട്. രണ്ടേമുക്കാല്‍ മണിക്കൂര്‍ പടത്തില്‍ ആകെ അരമണിക്കൂര്‍ മാത്രമേ നായികക്ക് സ്‌ക്രീന്‍ ടൈമുള്ളൂ എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമെ ഒരൊറ്റ ഡയലോഗ് മാത്രം നല്‍കി നായികയെ ഒതുക്കിയെന്നും റിലീസ് സമയത്ത് ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Content Highlight: Proposal scene in Khalifa movie getting trolls