തൃശൂര്‍: പീഡനക്കേസില്‍ അറസ്റ്റിലായ ടിക് ടോക് താരം അമ്പിളിയെന്ന വിഘ്‌നേഷ് കൃഷ്ണക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെടുന്ന ഓഡിയോ സന്ദേശം പുറത്ത്. പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്ന പെണ്‍കുട്ടിയാണെന്ന് പരിചയപ്പെടുത്തുന്ന സ്ത്രീശബ്ദത്തിലുള്ള ഓഡിയോ സന്ദേശമാണ് അമ്പിളിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും പുറത്തുവന്നത്.

കഴിഞ്ഞ ദിവസമാണ് ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായ, പത്തൊന്‍പതുകാരന്‍ വിഘ്നേഷ് കൃഷ്ണ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് അറിയിച്ചത്.

എന്നാല്‍ ഈ പരാതിയും പുറത്തുവരുന്ന വിവരങ്ങളുമെല്ലാം വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഓഡിയോ സന്ദേശത്തില്‍ പറയുന്നു. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിഘ്‌നേഷിനൊപ്പം താമസിച്ചു വന്നിരുന്നതെന്നും താന്‍ ഏഴ് മാസം ഗര്‍ഭിണിയാണെന്നും ഈ ഓഡിയോയിലെ പെണ്‍കുട്ടി പറയുന്നുണ്ട്.

വിഘ്‌നേഷിനെ പൊലീസ് ഓടിച്ചിട്ടു പിടിച്ചു എന്നെല്ലാം പറയുന്നത് പൂര്‍ണ്ണമായും തെറ്റാണെന്നും ഓഡിയോയിലുണ്ട്. ഇന്നലെ പൊലീസ് വീട്ടില്‍ വന്ന്, അവന്‍ എവിടെയെന്ന് ചോദിച്ച് മാനസികമായി തളര്‍ത്തുന്ന രീതിയില്‍ കുറെ സംസാരിച്ചു. അതെല്ലാം ഞാന്‍ സഹിച്ചു. പക്ഷെ പിന്നെ അവര്‍ അച്ഛന്റെ കാലുപിടിച്ചു തിരിച്ച് ഒടിക്കുന്ന അവസ്ഥയിലാക്കി. അപ്പോഴാണ് അമ്പിളി തന്നെ സ്വയം പിടികൊടുത്ത് അവരോടൊപ്പം പോയത്.

അമ്പിളിയ്ക്ക് എതിരെ മൊഴി കൊടുത്താല്‍ അഞ്ച് ലക്ഷം തരാം, എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കും എന്നൊക്കെയാണ് പറയുന്നതെന്നും എന്നാല്‍ തനിക്ക് അതൊന്നും വേണ്ടെന്നും ഓഡിയോയിലെ പെണ്‍കുട്ടി പറയുന്നു. വ്യാജ വാര്‍ത്തകള്‍ കേട്ട് അമ്പിളിയെ ട്രോളാന്‍ ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഓഡിയോ അവസാനിക്കുന്നത്.

Content Highlight: Rape case against Tik Tok star Ambili is fake says in new audio message