തിരുവനന്തപുരം: ഒരംഗം മാത്രമുള്ള ബി.ജെ.പിയല്ല യു.ഡി.എഫാണ് കേരളത്തിലെ മുഖ്യപ്രതിപക്ഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഓഖി ദുരന്തത്തെ തുടര്‍ന്ന് കേരളം സന്ദര്‍ശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ യു.ഡി.എഫ് സംഘത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല.

പ്രധാനമന്ത്രി വരുമ്പോള്‍ കാണാന്‍ അനുമതി ചോദിച്ചാല്‍ പ്രതിപക്ഷത്തിനും സമയം അനുവദിക്കാറുണ്ട്. റവന്യൂ മന്ത്രിക്കും മോദിയെ കാണാന്‍ അനുമതിയില്ലെന്നാണ് മനസിലാകുന്നത്. പ്രതിപക്ഷത്തിന്റെ അവസ്ഥയാണ് റവന്യൂ മന്ത്രിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അനുമതി നിഷേധിച്ചത് അത്യന്തം ഖേദകരമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെ കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ ബി.ജെ.പി നേതാക്കള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇത് രാഷ്ട്രീയപ്രേരിതവും യു.ഡി.എഫിനോടുള്ള വിവേചനവുമാണ്. ഓഖി ദുരന്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയത് ബി.ജെ.പിയല്ല പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളാണ്. മോദിയുടെ ഈ രാഷ്ട്രീയ നിലപാട് തരംതാണതാണ് എന്നും അദ്ദേഹം പറഞ്ഞു.

മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2,000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിക്കണമെന്നും ദുരിതമേഖല സന്ദര്‍ശിക്കുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഓഖിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വന്ന പാകപ്പിഴകളാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഇത്രയുമധികം ആളുകള്‍ മരിക്കാന്‍ കാരണക്കാരായവരെ അന്വേഷിച്ചു കണ്ടെത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു.