മലയാള ചലച്ചിത്ര രംഗത്ത് നാല് പതിറ്റാണ്ടോള്ളം സജീവമായി നിൽക്കുന്ന നടനാണ് സിദ്ദിഖ്. 1985-ൽ പുറത്തിറങ്ങിയ ആ നേരം അൽപ്പം ദൂരം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, ഇതുവരെ 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1990-ൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് നടൻ ജനപ്രീതി നേടുന്നത്.
ഹാസ്യം, സ്വഭാവ കഥാപാത്രങ്ങൾ, വില്ലൻ വേഷങ്ങൾ എന്നിവയെല്ലാം ഒരുപോലെ വഴങ്ങുന്ന സിദ്ദിഖ് ദൃശ്യം, നേര്, മാർക്കോ, പ്രിൻസ് ആൻഡ് ഫാമിലി, കാട്ടാളൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ഇന്നും പ്രേക്ഷകരുടെ കൈയടി നേടുന്നു.
സൈജു കുറുപ്പ്, സുധീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്ത, ഈ മാസം 25-ന് തിയേറ്ററുകളിലെത്തുന്ന ആരം ആണ് സിദ്ദിഖിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ ദൃശ്യം സിനിമയുടെ തുടർഭാഗങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച് നടൻ സിദ്ദീഖ്.

സിദ്ദീഖ്.Photo. Screen Grab/ Youtube
ദൃശ്യം 4 പരിഗണനയിൽ ഉണ്ടെന്നും , അതിന് പിന്നാലെ അഞ്ചാം ഭാഗവും ആറാം ഭാഗവും ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സിദ്ദീഖ് പറഞ്ഞു. എന്നാൽ ഓരോ ഭാഗവും മുൻ ചിത്രങ്ങളെ മറികടക്കണമെന്നത് സംവിധായകൻ ജിത്തു ജോസഫിനെ സംബന്ധിച്ച് വലിയ സമ്മർദ്ദമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ദൃശ്യത്തിന്റെ ട്രോളുകൾ ഞാൻ കാണാറുണ്ട്, അതൊക്കെ ആസ്വദിക്കാറുമുണ്ട്. ദൃശ്യം 4 എന്തായാലും ഉണ്ട്. അതിന്റെ അഞ്ചിന്റെയും ആറിന്റെയും കഥ എന്തായിരിക്കും എന്നാണ് ഇപ്പോൾ ഞാൻ ആലോചിക്കുന്നത്. സിനിമ ഇങ്ങനെ മുകളിലോട്ട് മുകളിലോട്ട് പോകുന്നത് കാണുമ്പോൾ സന്തോഷമുണ്ട്,’ സിദ്ദീഖ് പറഞ്ഞു.
ദൃശ്യം ഒന്നാം ഭാഗം ഒരുക്കുമ്പോൾ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ സമ്മർദ്ദമാണ് ഓരോ തുടർഭാഗങ്ങൾക്കും സംവിധായകൻ നേരിടുന്നതെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.
‘ഞാൻ ഇന്നലെ ജിത്തുവിനോട് സംസാരിച്ചപ്പോഴും അദ്ദേഹം പറഞ്ഞത്, ഇതിന്റെ മുകളിൽ ഇനി എന്താണ് ചെയ്യാനുള്ളത് എന്നതാണ്. ദൃശ്യം 3യുടെ മുകളിൽ നിൽക്കേണ്ടേ അടുത്ത ഭാഗങ്ങൾ. അല്ലെങ്കിൽ പിന്നെ അത് തീർന്നില്ലേ. അതാണ് ജിത്തുവിന്റെ ഏക ടെൻഷൻ. ദൃശ്യം 1 ചെയ്യുമ്പോൾ ഇത്ര സ്ട്രെസ് ഉണ്ടായിരുന്നില്ല. രണ്ടാം ഭാഗത്ത് അത് കുറച്ചു കൂടി, മൂന്നാം ഭാഗത്ത് അത് ഒരുപാടുണ്ടായിരുന്നു. ഇപ്പോൾ നാലാം ഭാഗത്തിന് വലിയ സ്ട്രെസാണ് ജിത്തു അനുഭവിക്കുന്നത്,’ അദ്ദേഹം വ്യക്തമാക്കി.

ദൃശ്യം. Photo. Facebook.com
അതേസമയം, ദൃശ്യം സിനിമയിലെ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കാൻ തങ്ങൾ കാത്തിരിക്കുകയാണെന്നും സിദ്ദീഖ് പറഞ്ഞു. ‘ഞങ്ങൾ ആ കഥാപാത്രങ്ങൾ ചെയ്യാൻ വേണ്ടി വെയിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ദൃശ്യം 4, 5, 6 എന്നീ ഭാഗങ്ങളൊക്കെ ഉണ്ടാകണമെന്നാണ് പ്രഭാകരന്റെ ആഗ്രഹം. അങ്ങനെയുള്ള കഥകൾ ഉണ്ടാകട്ടെ എന്ന് തന്നെ വിചാരിക്കാം,’ സിദ്ദീഖ് കൂട്ടിച്ചേർത്തു.
Content Highlight: Siddique opens up about the upcoming sequels of ‘Drishyam’
