ബെംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മികച്ച ഭരണാധികാരിയെന്ന നിലയില്‍ ഒരുകാലത്ത് താന്‍ ആരാധിച്ചിരുന്നെന്ന് ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖരന്‍. എന്നാലിപ്പോള്‍ അദ്ദേഹം വോട്ടുബാങ്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നേതാവായി ഒതുങ്ങിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ടിപ്പു ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം.
” സിദ്ധരാമയ്യയെ ഒരു ഭരണാധികാരിയെന്ന നിലയില്‍ ബഹുമാനിച്ച ഒരു കാലമുണ്ടായിരുന്നു (വളരെ മുമ്പ്) പക്ഷേ ഇന്ന് അദ്ദേഹം ചുരുങ്ങി ഇതുപോലെയായി, വോട്ടുബാങ്കിനായി നിരാശയോടെ ശ്രമിച്ചുകൊണ്ടിരിക്കുന്ന നേതാവായി. ” എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ്.
കര്‍ണാടകയിലെ ടിപ്പു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന സിദ്ധരാമയ്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായപ്രകടനം.
കര്‍ണാടകയിലെ ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മുസ്‌ലിം പ്രീണനമായാണ് സംഘപരിവാര്‍ ഇതിനെ പ്രചരിപ്പിക്കുന്നത്.
കോണ്‍ഗ്രസും ടിപ്പു സുല്‍ത്താനും ഹിന്ദുത്വ വിരുദ്ധരാണെന്നും ഹിന്ദുക്കളെ അടിച്ചമര്‍ത്തുന്നവരാണെന്നുമാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. ഹിന്ദുക്കളെ വിഘടിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
ടിപ്പു ജയന്തി ആഘോഷം നിര്‍ത്തിവെക്കാന്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് യെദ്യൂരപ്പയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുസ്ലിം സമുദായത്തെ പ്രീതിപ്പെടുത്താനുള്ള ആഘോഷം നിര്‍ത്തിവെക്കണം എന്നാണ് യെദ്യൂരപ്പ പറഞ്ഞത്.
സംസ്ഥാന സര്‍ക്കാര്‍ ഒരു മത നേതാവിന്റേയും വിജയം ആഘോഷമാക്കാറില്ലെന്നും സര്‍ക്കാര്‍ ആഘോഷിക്കുന്നത് ദേശസ്നേഹിയായ, മതേതര വാദിയായ ഒരു യോഗ്യന്റെ ജന്മദിനമാണെന്നു പറഞ്ഞ് ബി.ജെ.പി ആരോപണങ്ങളെ സിദ്ധരാമയ്യ തള്ളിയിരുന്നു.
