സഞ്ജുവിന്റെ ഈ വിജയത്തില്‍ ഏറെ അഭിമാനം: ദ്രാവിഡ്
Cricket
സഞ്ജുവിന്റെ ഈ വിജയത്തില്‍ ഏറെ അഭിമാനം: ദ്രാവിഡ്
ഫസീഹ പി.സി.
Monday, 16th March 2026, 7:10 am

2026 ടി – 20 ലോകകപ്പിലെ സഞ്ജു സാംസണിന്റെ പ്രകടനങ്ങളെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന് തന്റെ മികവ് പുറത്തെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലം ടീമിനകത്തും പുറത്തുമായിരുന്ന സഞ്ജുവിന് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അങ്ങനെ ഒരാളുടെ വിജയം കാണുമ്പോള്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.സി.സി.ഐയുടെ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങിനിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്.

രാഹുല്‍ ദ്രാവിഡ്. Photo: Cricket.com

‘ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന് തന്റെ ബാറ്റിങ് മികവ് പുറത്തെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അവ ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ട മത്സരമായിരുന്നു. ദീര്‍ഘകാലം അവന്‍ ടീമിനകത്തും പുറത്തായിരുന്നു.

മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടും സഞ്ജുവിന് പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുന്ന അവന്റെ വിജയം കാണുമ്പോള്‍ ഏറെ അഭിമാനമുണ്ട്,’ ദ്രാവിഡ് പറഞ്ഞു.

2026 ടി – 20 ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു സഞ്ജു. ടൂര്‍ണമെന്റിന് മുമ്പ് നിറം മങ്ങിയ താരം പിന്നീട് തകര്‍പ്പന്‍ തിരിച്ചുവരവുമായി ടീമിന്റെ കരുത്തായി മാറി. സൂപ്പര്‍ 8 ഘട്ടത്തില്‍ ടീമിലേക്ക് തിരിച്ചെത്തി സ്ഥിരം സാന്നിധ്യമായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹാട്രിക്ക് അര്‍ധ സെഞ്ച്വറികളുമായി ആരാധകരുടെ മനം കവര്‍ന്നു.

സഞ്ജു സാംസൺ. Photo: ICC/x.com

കൂടാതെ, സഞ്ജു നിര്‍ണായക ഇന്നിങ്സ് കളിച്ച് ഓരോ മത്സരത്തിലും ടീമിന് വിജയവും സമ്മാനിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സെടുത്ത താരം ഇംഗ്ലണ്ടിനും ന്യൂസിലാന്‍ഡിനുമെതിരെ 89 റണ്‍സ് വീതവും നേടി.

ടൂര്‍ണമെന്റില്‍ വെറും അഞ്ച് മത്സരങ്ങള്‍ കളിച്ച് സഞ്ജു 321 റണ്‍സാണ് തന്റെ അക്കൗണ്ടിലാക്കിയത്. ഈ പ്രകടനം മലയാളി ബാറ്ററെ ടൂര്‍ണമെന്റില്‍ റണ്‍സ് വേട്ടക്കാരില്‍ മൂന്നാമതാക്കി. ഒപ്പം ഇന്ത്യയുടെ ടോപ് റണ്‍ ഗെറ്ററുമായാണ് താരം ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. ഈ മികവ് 31 കാരന് ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സമ്മാനിച്ചു.

 

Content  Highlight: Rahul Dravid praises Sanju Samson’s performance in T20 World Cup 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി