വൈഭവിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്; പരാമര്‍ശം വ്യക്തമാക്കി അശ്വിന്‍
Cricket
വൈഭവിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്; പരാമര്‍ശം വ്യക്തമാക്കി അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Wednesday, 29th July 2026, 11:41 am

ഇന്ത്യന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയെക്കുറിച്ച് സംസാരിച്ച് ഇതിഹാസ താരം ആര്‍. അശ്വിന്‍. വൈഭവ് സൂര്യവംശിയെകുറിച്ച് താരം മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ കൃത്യത വരുത്തുകയായിരുന്നു അശ്വിന്‍. വൈഭവ് സഹതാരങ്ങള്‍ക്ക് ഡ്രിങ്ക്‌സ് കൊടുക്കാന്‍ പോകണമെന്നും പുറത്ത് സമയം ചെലവഴിക്കണന്നെും പറഞ്ഞത് താരത്തെ അധിഷേപിക്കാന്‍ വേണ്ടിയല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘വൈഭവ് സൂര്യവംശിക്ക് സമയം ചെലവഴിക്കാം, മറ്റുള്ളവര്‍ക്ക് ഡ്രിങ്ക്‌സ് കൊണ്ടുകൊടുക്കാം, ഗ്രൗണ്ടിന് പുറത്തിരുന്നാലും മതി’ എന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത് ഒരിക്കലും താരത്തെ അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചുള്ള പരാമര്‍ശമായിരുന്നില്ല.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

വൈഭവിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട് എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ അത് പറഞ്ഞത്. അവന് മുന്നിലുള്ള പഠനയാത്ര വളരെ വലുതാണ്. ടീമിന് പുറത്തിരുന്ന് കളി നിരീക്ഷിച്ചും അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടും അവന്‍ ഇനിയും മികച്ച താരമായി വളരണം.

ടീമില്‍ നിന്ന് വൈഭവിനെ ഒഴിവാക്കുന്നതിനെക്കുറിച്ചോ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചോ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. അവനെ സ്വാഭാവികമായി വളരാന്‍ അനുവദിക്കണം. ഭാവിയില്‍ അദ്ദേഹം അസാധാരണ നിലവാരമുള്ള ഒരു ക്രിക്കറ്ററായി മാറും,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം സിംബാബ്‌വേക്കെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന അവസാന മത്സരത്തില്‍ 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് യുവതാരം വൈഭവ് സൂര്യവംശി ഇന്ത്യക്കായി തിളങ്ങിയത്. 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും വൈഭവ് തന്നെയാണ്.

പരമ്പരയിലെ താരവും വൈഭവ് തന്നെയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. രണ്ടാം മത്സരത്തില്‍ 20 റണ്‍സും താരം നേടി. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് പകരമായാണ് വൈഭവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചത്.

Content Highlight: R Ashwin Talking About Indian Young Player Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ