വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ച; ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ മഹാരാഷ്ട്രയില്‍ പരീക്ഷ മാറ്റിവെച്ചു
national news
വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ച; ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ മഹാരാഷ്ട്രയില്‍ പരീക്ഷ മാറ്റിവെച്ചു
ആദര്‍ശ് എം.കെ.
Saturday, 27th June 2026, 4:39 pm

 

മുംബൈ: മഹാരാഷ്ട്ര ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (ടി.ഇ.ടി) 2026ന്റെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പരാതിയെത്തുടര്‍ന്ന് പരീക്ഷ മാറ്റിവെച്ചു.

ജൂണ്‍ 28ന് സംസ്ഥാനത്തുടനീളമുള്ള 1,028 കേന്ദ്രങ്ങളില്‍ നടക്കേണ്ടിയിരുന്ന പരീക്ഷയാണ് പരീക്ഷാ സുതാര്യതയും അക്കാദമിക സമഗ്രതയും ഉറപ്പുവരുത്തുന്നതിനായി മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എക്‌സാമിനേഷന്‍ (എം.എസ്.സി.ഇ) അവസാന നിമിഷം മാറ്റിവെച്ചത്.

താനെ ജില്ലയിലെ ഭീവണ്ടിയില്‍ ജൂണ്‍ 27ന് രാവിലെ പൊലീസ് നടത്തിയ റെയ്ഡിലാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചില വ്യക്തികളുടെ പക്കല്‍ നിന്ന് ചോദ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് എം.എസ്.സി.ഇ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍, ഈ ചോദ്യങ്ങള്‍ക്ക് യഥാര്‍ത്ഥ ചോദ്യപേപ്പറുമായി പൂര്‍ണ സാമ്യമുള്ളതായി സ്ഥിരീകരിച്ചു.

സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഭീവണ്ടി പൊലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്ന് പേര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

പരീക്ഷ മാറ്റിവെച്ച സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി എക്‌സാമിനേഷന്‍ കൗണ്‍സില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രിയ ഷിന്‍ഡെ നിര്‍ദേശങ്ങളും നല്‍കിയിരുന്നു.

പരീക്ഷയ്ക്കായി നേരത്തെ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല, പരീക്ഷാ തീയതി പുനക്രമീകരിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് യാതൊരുവിധ അധിക ഫീസും ഈടാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

പുതുക്കിയ പരീക്ഷാ തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കും. പരീക്ഷാ നടപടികള്‍ പുനഃക്രമീകരിക്കാന്‍ ഏകദേശം മൂന്നാഴ്ചയോളം സമയം എടുക്കുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.

പരീക്ഷാര്‍ത്ഥികള്‍ ഔദ്യോഗിക വിവരങ്ങള്‍ക്കായി എം.എസ്.സി.ഇ വെബ്‌സൈറ്റ് മാത്രം പരിശോധിക്കുക. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അവര്‍ നിര്‍ദേശിച്ചു.

നേരത്തെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നതായി കൗണ്‍സില്‍ അറിയിച്ചിരുന്നുവെങ്കിലും, പുതിയ സംഭവം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

 

Content Highlight: Question paper leak again; TET exam postponed in Maharashtra with just one day left

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.