ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്നയാള്‍ കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

പുല്‍വാമയിലെ ത്രാലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുഹദ് ഭായ് എന്ന മുദാസിര്‍ അഹമ്മദ് ഖാന്‍ ആണ് കൊല്ലപ്പെട്ടത് എന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

മുദാസിര്‍ അഹമ്മദിനെ കൂടാതെ മറ്റു രണ്ടു ഭീകരര്‍ കൂടി കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ പുല്‍വാമയിലെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.


പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസഥാനത്തിലാണ് സൈന്യം ഇവിടെ തെരച്ചില്‍ നടത്തിയത്. അതിനിടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്.

ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ആദിര്‍ ആഹമ്മദ് ധര്‍ എന്ന ഭീകരന്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു.

2018 ഫെബ്രുവരിയില്‍ സുന്‍ജാവന്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിലും മുദാസിര്‍ അഹമ്മദ് ഖാന് പങ്കുണ്ടെന്നാണ് വിവരം.