ഇന്ത്യന്‍ സിനിമയിലെ ലെജന്‍ഡറി സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ കരിയറാരംഭിച്ച പ്രിയദര്‍ശന്‍ തമിഴിലും ഹിന്ദിയിലും തന്റേതായ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. 1984ല്‍ പൂച്ചക്കൊരു മൂക്കുത്തിയിലൂടെയാണ് സംവിധാന കരിയര്‍ ആരംഭിച്ചത്. 42 വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമാലോകത്ത് ചരിത്രം രചിച്ചുകൊണ്ട് തന്റെ 100ാമത്തെ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ആദ്യചിത്രത്തില്‍ നായകനായ മോഹന്‍ലാല്‍ തന്നെയാണ് 100ാമത്തെ ചിത്രത്തിലും നായകന്‍. ലോകസിനിമയില്‍ മറ്റൊരു സംവിധായകനുമില്ലാത്ത അപൂര്‍വ നേട്ടമാണ് ഇതിലൂടെ പ്രിയദര്‍ശന്‍ സ്വന്തമാക്കിയത്. 100 സിനിമകള്‍ ചെയ്ത സംവിധായകരും നായകരും വേറെ ഉണ്ടെങ്കിലും ഇത്തരമൊരു സാമ്യത അവര്‍ക്കാര്‍ക്കും അവകാശപ്പെടാനില്ല.
മോഹന്‍ലാലിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ആന്റണി പെരുമ്പാവൂര്‍, കോ പ്രൊഡ്യൂസര്‍ ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് ഈ പ്രൊജക്ട് അനൗണ്‍സ് ചെയ്തത്. ഈ പ്രൊജക്ടിനെക്കുറിച്ച് മോഹന്‍ലാലും പ്രിയദര്‍ശനും സംസാരിക്കുന്ന ഭാഗമാണ് വീഡിയോയുടെ ഹൈലൈറ്റ്.
എല്ലാതരം പ്രേഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. സിനിമ നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യൂസിക്കിനും ഡ്രാമക്കും പ്രാധാന്യം നല്‍കിക്കൊണ്ടാകും ഈ ചിത്രമൊരുക്കുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ചിത്രത്തില്‍ ആക്ഷനുണ്ടാകില്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ അതിനും മറുപടി നല്‍കി.
‘ആക്ഷനില്ലേ എന്ന് ചോദിക്കാനുണ്ടോ, മോഹന്‍ലാലിന്റെ സിനിമയാണെങ്കില്‍ അതില്‍ ആക്ഷനുണ്ടായിരിക്കും. പാട്ടും, കോമഡിയും ആക്ഷനുമൊക്കെയായി കംപ്ലീറ്റ് പാക്കേജ് തന്നെയായിരിക്കും ഈ സിനിമ. ഇനിയൊരിക്കലും ഈ റെക്കോഡ് ആരും തിരുത്താനും പോകുന്നില്ല. അങ്ങനെയൊരു റെക്കോഡോടുകൂടിയാണ് നമ്മള്‍ ഈ സിനിമ ചെയ്യാന്‍ പോകുന്നത്,’ പ്രിയദര്‍ശന്‍ പറയുന്നു.
ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഓളവും തീരവും (മനോരഥങ്ങള്‍ ആന്തോളജി സീരീസിലെ ചിത്രം) എന്നിവക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുകയാണ് ഈ പ്രൊജക്ടിലൂടെ. നിലവില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L366യുടെ തിരക്കിലാണ് മോഹന്‍ലാല്‍.
Content Highlight: Priyadarshan officially announced his 100th film starring Mohanlal