ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ പൊലിസിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. ജാമിഅയിലും ജെ.എന്‍.യുവിലും പറഞ്ഞതുപോലെ ദല്‍ഹി കലാപത്തിലും പൊലീസ് കള്ളം പറയുകയാണെന്ന് ഭൂഷണ്‍ പറഞ്ഞു.

കലാപസമയത്ത് വീട്ടില്‍ കുടുങ്ങിയ ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ രക്ഷപ്പെടുത്തിയത് തങ്ങളാണെന്ന് ദല്‍ഹിപൊലീസ് പറഞ്ഞിരുന്നു. പിന്നീട് ദല്‍ഹി പൊലീസ് തന്നെ ഈ വാദം നിഷേധിച്ചു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്.

” ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി കള്ളം പറയുന്നു, നിങ്ങളെക്കുറിച്ച് കള്ളം പറയുന്നു, നിങ്ങളുടെ കൂടെ നില്‍ക്കുന്നു. അബദ്ധത്തില്‍ സത്യം പറഞ്ഞുപോയാല്‍ ഉടനെ തന്നെ ഞങ്ങളത് മാറ്റി പറയും.
ജെ.എന്‍.യുവിലെ മുഖമൂടിക്കാരായ ഗുണ്ടകളെക്കുറിച്ച് ഞങ്ങള്‍ കള്ളം പറഞ്ഞു. ജാമിഅയിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാന്‍ ഞങ്ങള്‍ മുഖമൂടിയണിഞ്ഞു. ഉടന്‍ തന്നെ അതേപ്പറ്റി നുണ പറഞ്ഞു. ദല്‍ഹിയില്‍ കലാപകാരികള്‍ക്കൊപ്പം ഞങ്ങള്‍ കള്ളം പറഞ്ഞു,” ദല്‍ഹി പൊലീസിനെ പരിഹസിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു

താഹിര്‍ ഹുസൈനെ രക്ഷപ്പെടുത്തിയത് തങ്ങളാണെന്ന് ആദ്യം പറഞ്ഞിരുന്ന ദല്‍ഹി പൊലീസ് പിന്നീട് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ കൊല്ലപ്പെട്ട സംഭവത്തില്‍
അദ്ദേഹത്തിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ താഹിര്‍ ഹുസൈനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. താഹിര്‍ ഹുസൈന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയുമാണെന്നും പൊലീസ് പറഞ്ഞിരുന്നു.

ദല്‍ഹി കലാപത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്ലാം ഖാനും രംഗത്തെത്തിയിരുന്നു.

”അക്രമത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ പൊലീസ് സാന്നിധ്യം കുറവായിരുന്നെന്നു. നിരവധി ആളുകളെ രക്ഷിച്ചുവെന്നാണ് പൊലീസിന്റെ അവകാശവാദം. എന്നാല്‍ അവര്‍ ആരേയും രക്ഷിച്ചിട്ടില്ല. ആരുടേയും ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കിയിട്ടില്ല. മറിച്ച് ആളുകളെ ചുട്ടുകൊല്ലാന്‍ അനുവദിക്കുകയായിരുന്നു. കലാപകാരികളെ വീടുകള്‍ തകര്‍ക്കാനും സ്ഫോടനം നടത്താനും സഹായിക്കുകയായിരുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്” എന്നാണ് ഇസ്‌ലാം ഖാന്‍ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ