ഇന്ത്യ ശക്തമായ ടീമായി നിലനില്‍ക്കുന്നത് അതുകൊണ്ടാണ്: റിക്കി പോണ്ടിങ്
Cricket
ഇന്ത്യ ശക്തമായ ടീമായി നിലനില്‍ക്കുന്നത് അതുകൊണ്ടാണ്: റിക്കി പോണ്ടിങ്
ശ്രീരാഗ് പാറക്കല്‍
Tuesday, 17th March 2026, 3:10 pm

വൈറ്റ് ബോളില്‍ ശക്തമായ ടീമാണ് ഇന്ത്യയെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. ഐ.സി.സിയുടെ കഴിഞ്ഞ വര്‍ഷങ്ങളിലെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ പ്രകടനം അമ്പരപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല ഐ.പി.എല്‍ മത്സരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ പോലെ തന്നെ തീവ്രമാണെന്നും അതുകൊണ്ടാണ് ഇന്ത്യ ശക്തമായ ടീമായി നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.സി.സി റിവ്യൂവില്‍ സംസാരിക്കുകയായിരുന്നു പഞ്ചാബ് കിങ്‌സ് പരിശീലകന്‍ കൂടിയായ പോണ്ടിങ്.

‘ടി-20 ടീമിന്റെ മാത്രമല്ല, കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി ഐ.സി.സി ടൂര്‍ണമെന്റുകളിലെ അവരുടെ വൈറ്റ്-ബോള്‍ പ്രകടനം ശരിക്കും അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ശക്തമായ ഒരു വൈറ്റ്-ബോള്‍ ടീമാണ്. തുടര്‍ച്ചയായ ലോകകപ്പുകളില്‍ അവര്‍ ആധിപത്യം സ്ഥാപിക്കുന്നു.

ഐ.പി.എല്‍ മത്സരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ പോലെ തന്നെ തീവ്രമാണ്, അതിനാല്‍ ഇന്ത്യന്‍ ടീമിന് മികച്ച രീതിയില്‍ തയ്യാറെടുക്കാന്‍ കഴിയും. അതുകൊണ്ടാണ് ഇന്ത്യ ശക്തമായ ടീമായി നിലനില്‍ക്കുന്നത്,’ പോണ്ടിങ് പറഞ്ഞു.

ക്രിക്കറ്റ് ലോകത്ത് വമ്പന്‍ ചരിത്രങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീം മുന്നേറുന്നത്. 2026 ടി-20 ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി മൂന്നാം കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല ബാക് ടു ബാക് കിരീടം നേടുന്ന ആദ്യ ടീം, സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീം എന്നിങ്ങനെ പല ബഹുമതികളും ഇന്ത്യ നേടി.

അതേസമയം ഇനി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്‍ പൂരത്തിനാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

Content Highlight: Ricky Ponting Talking About Indian Team

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ