തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ ആക്രമിച്ച കേസില്‍ ബി.ജെ.പി കൗണ്‍സിലറടക്കം 21 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

തിരുവനന്തപുരം ഒന്നാം മജിസ്‌ട്രേറ്റ് കോടതിയില്‍ മ്യൂസിയം പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2017 നവംബര്‍ 18 നാണ് മേയര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മേയറെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഭിത്തിയിലേയ്ക്ക് തള്ളുകയായിരുന്നു.

തുടര്‍ന്ന് നഗരസഭയുടെ മുകളിലത്തെ നിലയിലേക്ക് പോകാന്‍ ശ്രമിച്ച മേയറെ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് തള്ളിയിട്ടു. നിലത്ത് വീണ മേയര്‍ക്ക് കാലിന് പരിക്കേല്‍ക്കുകയും ചെയ്തു.

കൊലപാതക ശ്രമം, ഗൂഡാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.