2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോർട്ട്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം പ്രേമത്തിലെ വിമൽ സാർ എന്ന കഥാപാത്രമാണ് വിനയ് ഫോർട്ടിനെ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കൈയടി നേടുകയായിരുന്നു.
നിവിൻ പോളി – മമിത ബൈജു കൂട്ടുകെട്ടിൽ ഇൻഡസ്ട്രി ഹിറ്റടിച്ച ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ബാങ്ക് ഉദ്യോഗസ്ഥനായ അമ്മാവനായി വിനയ് ഫോർട്ട് അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്.
ഇതിനുപുറമെ ദുൽഖർ ചിത്രമായ ഐ ആം ഗെയിം, യുവ സംവിധായകൻ ഷഹദ് റഹ്മാൻ സംവിധാനം ചെയ്ത പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്നീ ചിത്രങ്ങളിലും വിനയ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
ബിജു മേനോൻ, ഗണപതി, ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമൽ ഷീല തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചൻ ആൻഡ് സൺസ് ആണ് തിയേറ്ററുകളിൽ എത്തുന്ന വിനയിയുടെ ഏറ്റവും പുതിയ ചിത്രം.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്പെയിസിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ കഥാപാത്രങ്ങളുടെ അവതരണത്തിലും ചിത്രങ്ങളുടെ ജയപരാജയങ്ങളിൽ സംവിധായകർക്കും പ്രധാന വേഷങ്ങളിൽ എത്തുന്ന അഭിനേതാക്കൾക്കുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും സംസാരിക്കുകയാണ് നടൻ വിനയ് ഫോർട്ട്.

വിനയ് ഫോർട്ട്. Photo. X.com
മോഹിനിയാട്ടത്തിലെ സി.ഐ. പാർത്ഥൻ എന്ന കഥാപാത്രത്തിനായി തന്റെ ഇൻട്രൊഡക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചപ്പോഴും, സിനിമയുടെ ദൈർഘ്യം കൂടുമ്പോൾ ഇതെല്ലാം ഒഴിവാക്കില്ലേ എന്ന് തമാശയായി സംവിധായകരോട് ചോദിച്ചിരുന്നുവെന്ന് ഓർത്തെടുക്കുകയാണ് നടൻ വിനയ് ഫോർട്ട്. താൻ നായകനായി അഭിനയിച്ച മുൻ ചിത്രങ്ങളിലൊന്നും അത്തരത്തിൽ മികച്ച ഇൻട്രൊഡക്ഷൻ രംഗങ്ങൾ ലഭിക്കാത്തതാണ് അങ്ങനെ ചോദിക്കാൻ കാരണമെന്നും വിനയ് കൂട്ടിച്ചേർത്തു.

വിനയ് ഫോർട്ട്. സി.ഐ. പാർത്ഥൻ. മോഹിനിയാട്ടം. Photo. X.com
മോഹിനിയാട്ടം എന്ന ചിത്രത്തിൽ എന്റെ ഇൻട്രോ സീൻ എടുക്കുമ്പോൾ, ഞാൻ വണ്ടിയിൽ നിന്നിറങ്ങുമ്പോൾ ക്യാമറ കാൽ കാണിക്കുന്നു, പിന്നെ ഞാൻ നോട്ടീസ് പുറത്തേക്കിടുന്നു എന്നൊക്കെ പറഞ്ഞ് വളരെ ഗൗരവത്തോടെയാണ് അവർ ഷൂട്ട് ചെയ്തത്. ആ സമയത്ത് ഞാൻ ഇവരെ കളിയാക്കിയിരുന്നു, മോനേ, ഞാൻ എത്രയോ പടങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. അതിലൊക്കെ ഒന്നുകിൽ തോട്ടിൽ നിന്ന് എഴുന്നേറ്റു വരുന്നതോ, അല്ലെങ്കിൽ ഏതെങ്കിലും ക്ലാസ് മുറിയിൽ ഇരിക്കുന്നതോ ഒക്കെയായിരിക്കും എന്റെ ഇൻട്രൊഡക്ഷൻ. അതുകൊണ്ട് നിങ്ങൾ ഇത്രയൊക്കെ കഷ്ടപ്പെട്ട് എടുത്തിട്ട്, അവസാനം സിനിമയുടെ ദൈർഘ്യം കൂടുമ്പോൾ ഇതെല്ലാം എഡിറ്റ് ചെയ്തു കളയാനല്ലേ എന്ന്.
പിന്നെ അവർ പറയുന്നതുപോലെ നടക്കുന്നതും കൂളിംങ് ഗ്ലാസ് വെക്കുന്നതുമൊക്കെ എനിക്കൊരു പ്രാക്ടീസ് മാത്രമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ മോഹിനിയാട്ടം കണ്ടപ്പോൾ, ആ ഇൻട്രോ സീൻ സിനിമയിൽ തന്നെയുണ്ടെന്ന് അറിഞ്ഞ് ഞാൻ ഞെട്ടിപ്പോയി,’ വിനയ് ഫോർട്ട് പറഞ്ഞു.
ഒരു സിനിമയുടെ ജയപരാജയങ്ങളിൽ പൂർണ ഉത്തരവാദിത്തമുള്ളവരാണ് സംവിധായകനും പ്രധാന വേഷങ്ങളിൽ എത്തുന്ന അഭിനേതാക്കളുമെന്നും വിനയ് ഫോർട്ട് വ്യക്തമാക്കി.
‘ഒരു സിനിമയിൽ സംവിധായകൻ നമ്മളെ എങ്ങനെ പ്രൊജക്റ്റ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങൾ. സിനിമയിൽ നമ്മുടെ മുഖമാണ് വരുന്നത് എന്നതിൽ നമുക്കൊരു അഹങ്കാരമൊക്കെ തോന്നുമായിരിക്കും. പക്ഷേ, മുഴുവൻ അധ്വാനവും ആ സംവിധായകന്റേതാണ്.
ഒരു സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം സംവിധായകനും പ്രധാന വേഷം ചെയ്ത അഭിനേതാക്കൾക്കുമായിരിക്കും. അതുപോലെ സിനിമ വിജയിച്ചാലും അതിന്റെ ഏറ്റവും വലിയ ഗുണം ആദ്യം ലഭിക്കുന്നതും അവർക്ക് തന്നെയാണ്,’ വിനയ് ഫോർട്ട് കൂട്ടിച്ചേർത്തു.
