തിരുവനന്തപുരം: തനിക്കെതിരെ പരാതി ഉണ്ടായതിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശി. മനോരമാ ചാനൽ ചർച്ചയ്ക്കിടെയാണ് പി.കെ ശശി ഇങ്ങനെ പ്രതികരിച്ചത്. തനിക്കെതിരെ ലൈംഗികാരോപണമുള്ള കാര്യം ഇതുവരെ അറിഞ്ഞിട്ടില്ലെന്നും, ഇന്ന് പത്രങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും പി.കെ ശശി പ്രതികരിച്ചു.
എന്നാല്‍ പരാതി ലഭിച്ചിട്ട് മൂന്നാഴ്ച ആയെന്നും, വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുകയുമാണെന്നുമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.
ALSO READ: ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരാന്‍ ഞാന്‍ സഹായിക്കാം, പറഞ്ഞാല്‍ മതി: ബി.ജെ.പി എം.എല്‍.എ
അന്വേഷണം ആരംഭിച്ചിട്ട് മൂന്ന് ആഴ്ചയായിട്ടും ഇതുവരെ പാര്‍ട്ടി താങ്കളെ വിവരം ധരിപ്പിച്ച് പോലുമില്ലേ എന്ന ചോദ്യത്തിന് പി.കെ ശശി കൃത്യമായ മറുപടി നല്‍കിയില്ല.
ഈ പാര്‍ട്ടി മറ്റ് സംഘടനകളെ പോലെയല്ലെന്നും, അന്വേഷണം നടത്തിയ ശേഷം ശരിയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കും എന്നുമായിരുന്നു പി.കെ. ശശിയുടെ മറുപടി.
ALSO READ: ചാനലില്‍ അധിക്ഷേപകരമായ പരാമര്‍ശം; അര്‍ണാബും റിപബ്ലിക് ടി.വിയും മാപ്പു പറയാന്‍ ഉത്തരവ്
പരാതിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയണമോ എന്ന ചാനല്‍ അവതാരികയുടെ ചോദ്യത്തിന് അറിയാന്‍ താല്പര്യമില്ലെന്നായിരുന്നു പി.കെ ശശിയുടെ മറുപടി. ശേഷം എം.എല്‍.എ ഫോണ്‍ ബന്ധം വിച്ഛേദിച്ചു.
പരാതി നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.
