സൂപ്പർതാരം പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങി; ആർ.സി.ബിക്ക് കനത്ത തിരിച്ചടി
Cricket
സൂപ്പർതാരം പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങി; ആർ.സി.ബിക്ക് കനത്ത തിരിച്ചടി
Sudev A
Monday, 4th May 2026, 5:46 pm

ഐ.പി.എല്ലില്‍ പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കനത്ത തിരിച്ചടി. ടീമിന്റെ ഇംഗ്ലീഷ് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. വിരലിന് പരിക്കേറ്റ സാള്‍ട്ട് സ്‌കാനിങ്ങിനായി നാട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സാള്‍ട്ടിന് പരിക്കേറ്റത്. ബൗണ്ടറി സേവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇംഗ്ലണ്ട് താരത്തിന് പരിക്ക് സംഭവിച്ചത്.

ഈ പരിക്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി സാള്‍ട്ടിനോട് നാട്ടിലേക്ക് തിരികെയെത്താന്‍ ആവശ്യപ്പെടുകയിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് മാനേജ്മെന്റ്. സാള്‍ട്ടിന് എത്ര മത്സരങ്ങള്‍ നഷ്ടമാവുമെന്ന് കണ്ടുതന്നെ അറിയണം.

ഈ സീസണില്‍ ആര്‍.സി.ബിക്ക് വേണ്ടി സാള്‍ട്ട് ആറ് മത്സരങ്ങളില്‍ നിന്നും 202 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് അര്‍ധ സെഞ്ച്വറികളും ഇംഗ്ലണ്ട് താരം നേടിയിട്ടുണ്ട്.

സാള്‍ട്ടിന്റെ പകരക്കാരനായി ജേക്കബ് ബെഥേലാണ് ഓപ്പണറായി കളത്തിലിറങ്ങിയത്. എന്നാല്‍ ടീമിനൊപ്പം അത്ര മികച്ച പ്രകടനം നടത്താന്‍ ബെഥേലിന് സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ നിന്നും 39 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു. ഒമ്പത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആറ് മത്സരങ്ങളില്‍ വിജയിച്ചും മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടുമാണ് ആര്‍.സി.ബി രണ്ടാം സ്ഥാനത്തുള്ളത്. ഇനിയുള്ള അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ ബെംഗളൂരുവിന് പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കും.

അതേസമയം ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള അവസാന മത്സരത്തില്‍ ബെംഗളൂരു പരാജയപ്പെട്ടിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റിനാണ് ആര്‍.സി.ബിയെ കീഴടക്കിയത്.

ഗുജറാത്തിന്റെ സീസണിലെ അഞ്ചാം വിജയമാണിത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ആര്‍.സി.ബി 19.2 ഓവറില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സ് നാല് വിക്കറ്റുകളും 25 പന്തുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു. മെയ് ഏഴിന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.

 

Content Highlight: Phil Salt Injury Royal Challengers Bangalore Big Set Back in IPL 2026

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.