ന്യൂദല്‍ഹി: കൊവിഡിന് പിന്നാലെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. സാമ്പത്തികമായി വ്യക്തമാക്കിയാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അടിയന്തരാവസ്ഥയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ‘സമീപകാല ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി’ എന്ന പേരിലുള്ള ബ്ലോഗിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
രാജ്യം നേരിടാന്‍ പോകുന്നത് ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്.
‘2008-09 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഒരു വലിയ ഞെട്ടലായിരുന്നു. പക്ഷേ അപ്പോഴും നമ്മുടെ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നു. നമ്മുടെ ധനകാര്യ സ്ഥാപനങ്ങള്‍ മികച്ച അവസ്ഥയിലേക്ക് കടക്കുകയുമായിരുന്നു നമ്മുടെ സര്‍ക്കാരിന്റെ ധനസ്ഥിതി ആരോഗ്യകരമായിരുന്നു. കൊവിഡിനെതിരെ പ്രതിരോധിക്കുന്ന ഈ കാലത്ത് ഇവയിലൊന്നുപോലും നല്ല അവസ്ഥയിലല്ല ഉള്ളത്’, അദ്ദേഹം പറഞ്ഞു.
വൈറസ് നിയന്ത്രണ വിധേയമായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഇപ്പോഴേ സര്‍ക്കാരിന് ധാരണയുണ്ടായിരിക്കണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെട്ടു. ‘വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ക്കൂടിയും ലോക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് നമ്മള്‍ പദ്ധതി തയ്യാറാക്കണം. ഇത്രയേറെ ദിവസങ്ങള്‍ രാജ്യം അടച്ചുപൂട്ടിയിടുക എന്നത് വളരെയേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കാര്യമാണ്. അതുകൊണ്ട് വൈറസ് വ്യാപനം അധികം ഇല്ലാത്ത സ്ഥലങ്ങളെ എങ്ങനെ പഴയ രീതിയിലേക്കെത്തിക്കാം എന്നതിനെക്കുറിച്ച് ആലോചിക്കണം.
സമ്പദ് വ്യവസ്ഥ പുനരാരംഭിക്കുന്നതിന്, ആരോഗ്യമുള്ള യുവാക്കളെ ജോലിസ്ഥലത്തിനടുത്തുള്ള ഹോസ്റ്റലുകളില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ട് നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പാദകര്‍ക്ക് അവരുടെ വിതരണ ശൃംഖല സജീവമാക്കേണ്ടതിനെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിക്കണം.