ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. പരമ്പരക്ക് സെപ്റ്റംബർ 27നാണ് തുടക്കമാവുന്നത്. ആദ്യ മത്സരം കേരളത്തിലാണ് നടക്കുന്നത്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ കളത്തിലിറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണുകൾ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയിലായിരിക്കും.
ഈ പരമ്പരയിൽ രോഹിത് ശർമയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. ഇതിനായി രോഹിത്തിന് വേണ്ടത് ഒരേയൊരു സെഞ്ച്വറി മാത്രമാണ്. ഏകദിനത്തിൽ ഇന്ത്യക്ക് വേണ്ടി 39ാം വയസിൽ ഇന്ത്യൻ മണ്ണിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറാനുള്ള അവസരമാണ് മുൻ ഇന്ത്യൻ നായകനുള്ളത്. ഇതുവരെ ഒരു താരത്തിനും കൈവരിക്കാൻ സാധിക്കാത്ത ചരിത്രത്തിന്റെ അരികിലാണ് രോഹിത്.
അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ രോഹിത് ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന അവസാന ഏകദിനത്തിൽ രോഹിത് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 110 പന്തിൽ 17 ഫോറുകളും അഞ്ച് സിക്സുകളും അടക്കം 138 റൺസാണ് രോഹിത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

ലോർഡ്സിൽ നടന്ന ഏകദിന മത്സരത്തിന് മുന്നോടിയായി രോഹിത് ഏകദിനത്തിൽ നിന്നും വിരമിക്കുമെന്ന വാർത്തകൾ നിലനിന്നിരുന്നു. ഈ സമയത്താണ് രോഹിത്തിന്റെ ബാറ്റിൽ നിന്നും സെഞ്ച്വറി പിറന്നതെന്നതും ശ്രദ്ധേയമാണ്.
2027ൽ സൗത്ത് ആഫ്രിക്കയിൽ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരകൾ രോഹിത്തിന് നിർണായകമാകും. ടെസ്റ്റിൽ നിന്നും ടി-20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ഏകദിനത്തിൽ മാത്രമാണ് നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം 2027 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന മത്സരങ്ങൾ ഇന്ത്യക്ക് തങ്ങളുടെ കരുത്ത് വർധിപ്പിക്കാനുള്ള വലിയ അവസരമാണ് നൽകുന്നത്. ഒക്ടോബർ നാല് മുതൽ നവംബർ 21 വരെയാണ് ഏകദിന ലോകകപ്പ്. നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്വേ എന്നിവരാണ് ആതിഥേയർ. ആതിഥേയ രാജ്യങ്ങളടക്കം 14 ടീമുകൾ ടൂർണമെന്റിന്റെ ഭാഗമാകും.
Content Highlight: Rohit Sharma need one century to create a new record in ODI
