ലഖ്‌നൗ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കീ ഗുഞ്ച് പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിമിക്രി കാണിച്ച സ്റ്റാന്‍ഡ്-അപ് കൊമേഡിയന്‍ പുല്‍കിത് മാണിയ്ക്ക് ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് യു.പിയിലെ കാണ്‍പൂര്‍, ലഖ്‌നൗ, നോയ്ഡ എന്നിവിടങ്ങളിലെ പരിപാടികള്‍ റദ്ദാക്കിയെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പുല്‍കിത് അറിയിച്ചു.

‘ഗുണ്ടകള്‍ നടത്തിയ തുടര്‍ച്ചയായ ഭീഷണികള്‍ കാരണം എന്റെ ലഖ്‌നൗ, കാണ്‍പൂര്‍ പരിപാടികള്‍ റദ്ദാക്കിയിരിക്കുന്നു’, പുല്‍കിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സമാനമായ പോസ്റ്റില്‍ നോയിഡയിലെ പരിപാടി റദ്ദാക്കിയതായി പുല്‍കിത് പറഞ്ഞിരുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് നടന്ന ഛാത്രോം കീ ഗുഞ്ച് പരിപാടിക്കിടെ പുല്‍കിതിനെ രാഹുല്‍ ഗാന്ധി വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ പുല്‍കിത് ചിരിച്ചുകൊണ്ട് ‘മൈ ഫ്രണ്ട്, ഹൗ ആര്‍ യൂ’ എന്ന് പറഞ്ഞ് രാഹുലിനെ കെട്ടിപ്പിടിച്ചു. രാഹുല്‍ ‘ ഐ ആം ഫൈന്‍, ഹൗ ആര്‍ യൂ മോദിജി’ എന്ന് തിരികെ ചോദിച്ചു.

കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്. കോണ്‍ഗ്രസ് സര്‍ക്കസ് ആയി മാറിയെന്ന് എക്‌സില്‍ കുറിച്ച കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ രാഹുല്‍ ഗാന്ധിയെ സംസ്‌കാരശൂന്യനായ അമ്മാവന്‍ എന്ന് വിളിച്ചിരുന്നു.

Content Highlight: ‘Threats from goon activists’: Comedian Pulkit Mani says UP shows cancelled amid row over mimicry of PM Modi