ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപില്‍ സിബല്‍. അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കുകയും വ്യാജരെ തിരുകി കയറ്റുകയും ചെയ്യുന്ന സുവിശേഷമായ പ്രതിഭാസമാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ നടക്കുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു.
ബി.ജെ.പിയെ അധികാരത്തില്‍ നിലനിര്‍ത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യമെങ്കില്‍ പിന്നെ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന്റെ ആവശ്യകത എന്താണെന്നും അദ്ദേഹം ചോദിച്ചു.
എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായി ‘മുന്‍ എസ്.ഐ.ആറുമായി പൊരുത്തപ്പെടാത്തവര്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി തനിക്കും ഭാര്യയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചതിന് പിന്നാലെയായിരുന്നു സിബലിന്റെ പ്രതികരണം.
തങ്ങളെപ്പോലുള്ള വ്യക്തികള്‍ക്ക് ഇത്തരം അനുഭവം ഉണ്ടാകുന്നുവെങ്കില്‍, സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് എന്തായിരിക്കും സംഭവിക്കുകയെന്നും അവര്‍ ഈ പ്രക്രിയയെ എങ്ങനെ നേരിടുമെന്നും അദ്ദേഹം ചോദിച്ചു. ന്യൂദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ വ്യക്തി (മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍) ഏത് അടിസ്ഥാനത്തിലാണ് ആ കസേരയില്‍ ഇരിക്കുന്നത്? എന്തടിസ്ഥാനത്തിലാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നത്, എന്തുകൊണ്ടാണ് ഇതിന് അദ്ദേഹത്തെ അനുവദിക്കുന്നത്?,’ കപില്‍ സിബല്‍ ചോദിച്ചു.
കരട് വോട്ടര്‍ പട്ടികയില്‍ തന്റെ പേരുണ്ടായിരുന്നിട്ടും തനിക്ക് നോട്ടീസ് അയച്ച വിവരം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയതായും സിബല്‍ പറഞ്ഞു. നിലവിലെ വോട്ടര്‍ പട്ടികയില്‍ നല്‍കിയിട്ടുള്ള തന്റെയും പിതാവിന്റെയും പേരുകള്‍ മുന്‍പ് തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ പേരുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് നോട്ടീസില്‍ ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ആര്‍ക്കൊക്കെ നോട്ടീസ് അയക്കണം, ആര്‍ക്കൊക്കെ അയക്കരുത് എന്നതില്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ തന്നിഷ്ടപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ജനശ്രദ്ധയിലുള്ള ഞങ്ങളെപ്പോലുള്ളവര്‍ക്കാണ് ഇതാണ് സംഭവിക്കുന്നതെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? അവര്‍ എങ്ങനെയാണ് ഇതിനെയെല്ലാം നേരിടുക?,’ അദ്ദേഹം ചോദിച്ചു. ഇതുവരെ തനിക്കയച്ച നോട്ടീസിന്റെ ഭൗതിക പകര്‍പ്പ് പോലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ല. എന്റെ ഓഫീസിലും ലഭിച്ചിട്ടില്ല. ഈ വിഷയത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞില്ലായിരുന്നുവെങ്കില്‍ അവര്‍ സമാനമായ നോട്ടീസുകള്‍ അയച്ച് എന്റെ പേര് വെട്ടുമായിരുന്നു. അങ്ങനെയെങ്കില്‍ ഞാന്‍ സുപ്രീം കോടതിയില്‍ പോയി ‘ദയവായി എന്റെ പേര് വെട്ടരുത്’ എന്ന് അപേക്ഷ നല്‍കേണ്ടി വന്നേനെ. ഈ രാജ്യത്ത് എന്താണ് നടക്കുന്നത,’ അദ്ദേഹം പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 38 ലക്ഷം ആളുകളില്‍ വെസ്റ്റ് ബംഗാളിലെ ഒരു ലക്ഷം പേരുടെ കാര്യത്തില്‍ മാത്രമാണ് ഇതുവരെ തീരുമാനമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘തെരഞ്ഞെടുപ്പ് നടത്താതിരിക്കുന്നതാണ് നല്ലത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് മറന്നേക്കൂ! ബി.ജെ.പി എപ്പോഴും അധികാരത്തില്‍ തുടരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നമുക്ക് ഈ പ്രഹസനം അവസാനിപ്പിക്കാം. അതിനോട് സത്യസന്ധത പുലര്‍ത്താം… നിങ്ങള്‍ക്ക് കോടതിയില്‍ പോകാം, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം, എന്നാല്‍ കോടതി ഈ രീതി അംഗീകരിക്കാന്‍ തയ്യാറായാല്‍ പിന്നെ ദൈവത്തിന് മാത്രമേ ഈ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ,’ സിബല്‍ പറഞ്ഞു.
2029-ലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനായി കള്ളത്തരവും അഴിമതി നിറഞ്ഞതുമായ നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, എ.എ.പി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍, കപില്‍ സിബല്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ വോട്ടര്‍മാര്‍ക്ക് നിലവിലുള്ള എസ്.ഐ.ആര്‍ നടപടിയുടെ ഭാഗമായി നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് കാട്ടി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച അറിയിച്ചിരുന്നു.
എന്നാല്‍ രേഖ ഗുപ്തയുടെ എന്‍ട്രി ശരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും നവംബര്‍ നാലിന് പ്രസിദ്ധീകരിക്കുന്ന ഷാലിമാര്‍ ബാഗ് മണ്ഡലത്തിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ അവരുടെ പേര് ഉള്‍പ്പെടുത്തുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
Content Highlight: Forget about the election; the Election Commission is trying to install the BJP in power: Kapil Sibal.
