ജിതിന്‍ ടി പി
ജിതിന്‍ ടി പി
Labour Crisis
സുരക്ഷാ സംവിധാനങ്ങളില്ല; കോഴിക്കോട് കോര്‍പ്പറേഷനിലെ ഖരമാലിന്യ സംസ്‌കരണ തൊഴിലാളികള്‍ ദുരിതത്തില്‍
ജിതിന്‍ ടി പി
Monday 27th November 2017 9:53am

കോഴിക്കോട്: 2014 ജൂണ്‍ മാസം പെരുവയല്‍ കോടച്ചേരിതാഴത്ത് താമസിക്കുന്ന പുഷ്പ ഓര്‍ക്കാനാഗ്രഹിക്കാത്ത ദിവസമായിരിക്കും. കോഴിക്കോട് കോര്‍പ്പറേഷനു കീഴില്‍ കുടുംബശ്രീയുടെ ഖരമാലിന്യത്തൊഴിലാളിയായിരുന്നു പുഷ്പ. ജോലിക്കിടെ ചായകുടിച്ച് കോര്‍പ്പറേഷന്‍ വണ്ടിക്കായി കാത്തിരിക്കുമ്പോഴാണ് തൊണ്ടയാട് വെച്ച് പുഷ്പയെ ഒരു ജീപ്പ് ഇടിച്ചിടുന്നത്. മൂന്നരവര്‍ഷം മുന്‍പായിരുന്നു പുഷ്പയുടെ ജീവിതം തകര്‍ത്ത ആ സംഭവം നടന്നത്. അപകടത്തെത്തുടര്‍ന്ന് 15 ദിവസമായി അബോധാവസ്ഥയിലായിരുന്നു പുഷ്പ. അപകടത്തില്‍ പുഷ്പയുടെ വാരിയെല്ലിനും കാലിനുമാണ് സാരമായി പരിക്കേറ്റത്. ഒരു എല്ല് മുറിച്ച് മാറ്റാന്‍ ഇനിയും ഒരു ഓപ്പറേഷന്‍ ബാക്കിയുണ്ട്.

ജോലിക്കിടെ റോഡപകടത്തെത്തുടര്‍ന്ന് കിടപ്പിലായ പുഷ്പയോട് കോര്‍പ്പറേഷന്‍ അധികൃതര്‍ തികഞ്ഞ അവഗണനയാണ് കാണിച്ചിരുന്നതെന്ന് അവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

‘അപകടം പറ്റിയ സമയത്ത് കോര്‍പ്പറേഷനില്‍ നിന്ന് ആരൊക്കയോ വന്നിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ അബോധവാസ്ഥയിലായിരുന്നു.’

ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ചികിത്സയ്ക്കായി ഒരുപാട് കാശ് ചെലവായി. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള സഹായം ലഭിച്ചിരുന്നില്ലെന്നും പുഷ്പ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

പുഷ്പ

ജോലിക്കിടെയാണ് പുഷ്പയ്ക്ക് അപകടം സംഭവിച്ചത്. അതേസമയം നിലവില്‍ ജോലി ചെയ്യുന്ന പലരുടെയും ആരോഗ്യപരിപാലനവും മറ്റും ഇന്നും സമാനരീതിയില്‍ അപകടാവസ്ഥയിലാണ്. പുഷ്പയെ റോഡപകടമാണ് പ്രതിസന്ധിയിലാക്കിയതെങ്കില്‍ ജോലി ചെയ്യുന്ന പലര്‍ക്കും അടിസ്ഥാന ആവശ്യമായ കൈയുറയും മാസ്‌കും ലഭിച്ചിട്ടില്ലെന്നതാണ് ഭീഷണി. ഏറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതാണ് ഇത്.

മാസങ്ങള്‍ക്ക് മുമ്പെ നടത്തിയ സമരത്തിന്റെ ഫലമായി തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യം പരിഗണിക്കാമെന്ന് കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇപ്പോഴും പലതും പാലിക്കപ്പെട്ടിട്ടില്ല. ദുരിത പൂര്‍ണ്ണമാണ് തൊഴിലാളികളുടെ ജീവിതം. കോഴിക്കോട് നഗരത്തിലെ മുക്കും മൂലയും വൃത്തിയാക്കുന്നതിനായി 15 വര്‍ഷമായി യാതൊരു ലാഭവും നോക്കാതെ രംഗത്തുള്ളവരാണ് തൊഴിലാളികളില്‍ ഏറെയും. മുന്നൂറ്റമ്പതോളം തൊഴിലാളികള്‍ വെളുക്കും മുമ്പേ വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നു. എന്നിട്ടും ഒരു മാസം കൈയില്‍ കിട്ടുന്നതാകട്ടെ തുച്ഛമായ വേതനവും. ജീവിതം വഴിമുട്ടാതിരിക്കാന്‍ തങ്ങളെ താത്കാലിക തൊഴിലാളികളായി നിയമിക്കണമെന്ന ഇവരുടെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കോര്‍പ്പറേഷന്‍ പറയുന്നതല്ലാതെ ഇതില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഒരു വീട്ടില്‍നിന്ന് മാസത്തില്‍ 150-200 രൂപയോളമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. കോര്‍പ്പറേഷന്‍ പ്രതിഫലം നല്‍കുന്നില്ല. കോര്‍പ്പറേഷന്റെ നാലോ അഞ്ചോ സര്‍ക്കിളിന് മാത്രമാണ് കുറച്ചെങ്കിലും വരുമാനമുള്ളത്. എല്ലാചെലവും കഴിച്ചാല്‍ മാസം 3500-4000 രൂപ മാത്രമാണ് ഒരു തൊഴിലാളിക്ക് കിട്ടുക. ഈ തുകയില്‍ നിന്നു വേണം മാലിന്യസംസ്‌കരണത്തിനിടെ നേരിടേണ്ടി വരുന്ന പകര്‍ച്ചവ്യാധികളെ ചെറുക്കാനും കുടുംബം മുന്നോട്ട് കൊണ്ടു പോകാനും. താത്കാലിക തൊഴിലാളികളാക്കിയാല്‍ ദിവസം 300 രൂപവെച്ച് പ്രതിഫലം ലഭിക്കും. ഇതുവഴി കോര്‍പ്പറേഷന്റെ കീഴിലുള്ള പലതരം ജോലികളും ചെയ്യാനുള്ള അവസരവും ഇവര്‍ക്കു ലഭിക്കും ഈ ആവശ്യമുന്നിയിച്ചായിരുന്നു ജൂണിലെ സമരം.

എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കാനായി വിളിച്ച ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും ഇന്നും എവിടെയുമെത്തിയിട്ടില്ല. കോര്‍പ്പറേഷന്‍ ഇവര്‍ക്ക് നല്‍കിയ വാഹനങ്ങള്‍ മിക്കതും തകരാറിലാണ്. അത് നന്നാക്കാനും ഡീസലടിക്കാനും നിന്നാല്‍ കിട്ടുന്നവരുമാനം ആ വഴിക്ക് പോകുമെന്നാണ് തൊഴിലാളികളുടെ പക്ഷം. കോര്‍പ്പറേഷന്‍ മുഖാന്തിരം ഏര്‍പ്പാടാക്കുന്ന വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ തൊഴിലാളികളുടെ അടുത്താണ് ഇന്‍ഷുറന്‍സിനും കുടിശ്ശികയ്ക്കുമായി എത്തുന്നത്.

 

‘ തൊഴിലാളികളെ അടുത്ത് ഇന്‍ഷുറന്‍സ് ഏജന്റ് സമീപിക്കുന്നത് ഇവരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പല തൊഴിലാളികളും ജപ്തി ഭീഷണിയിലാണ്്.’ ഖരമാലിന്യത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് സൂലൈമാന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ജീവിതം വഴിമുട്ടാതിരിക്കാന്‍ തങ്ങളെ താത്കാലിക തൊഴിലാളികളായി നിയമിക്കണമെന്ന ഇവരുടെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കോര്‍പ്പറേഷന്‍ പറയുന്നതല്ലാതെ ഇതില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നത്. മൂന്നുവര്‍ഷമായി തങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. കേന്ദ്ര സംസ്ഥാന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി അത്യാവശ്യ ചികിത്സ പോലും ലഭിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

ജൂണില്‍ നടത്തിയ അനിശ്ചിതകാല സമരത്തില്‍ താല്‍ക്കാലിക തൊഴിലാളികളാക്കുക എന്ന ആവശ്യം ഒഴികെയുള്ളതെല്ലാം കോര്‍പ്പറേഷന്‍ അംഗീകരിച്ചിരുന്നതാണ്. താല്‍ക്കാലിക ജോലിക്കാരായി മാറ്റുന്നതിനു വേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. സ്ഥിര ജോലിക്കാര്‍ക്ക് ഇത്രയധികം ജോലിഭാരം വരുന്നില്ലെന്നിരിക്കെയാണ് താല്‍ക്കാലിക ജോലിക്കാര്‍ പോലുമല്ലാത്തവരുടെ ജീവിതം ദുരിതമാകുന്നത്.

ഇവരുടെ ആരോഗ്യപ്രശ്‌നങ്ങള് പരിഹരിക്കുന്നതിനായി താല്ക്കാലികമായി ചിലത് ചെയ്തിട്ടുണ്ടെങ്കിലും പ്രശ്‌നങ്ങള് പരിഹരിക്കപ്പെട്ടെന്ന് പറയാന്‍ കഴിയില്ല. ശമ്പള പരിഷ്‌കരണത്തിലും ഗ്ലൗസും റെയിന്‍ കോട്ടും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കും ഫണ്ട് അനുവദിച്ചിട്ടില്ല. സമരം ഒത്തുതീര്‍പ്പാക്കാന് വേണ്ടി മുന്നോട്ട് വെച്ച ഫോര്‍മുലകളില്‍ പലതും ഇന്നും ഒന്നുമായിട്ടില്ല.

ആകെ ലഭിക്കുന്ന തുച്ഛമായ രൂപയില്‍ നിന്നാണ് ‘ഇതില്‍ നിന്നാണ് ആശുപത്രി ചിലവുകളടക്കം ഇവര്‍ വഹിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ പലരും ഇതില്‍ നിന്നു വിട്ടുപോവുകയാണ്. 700 ല്‍ അധികം തെഴിലാളികള്‍ ഉണ്ടായിരുന്ന ഈ മേഖലയില്‍ ഇന്ന് 350 ഓളം പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ആദ്യസമരത്തില്‍ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചിരുന്നെങ്കിലും പ്രധാന പ്രശ്‌നമായ ഇന്‍ഷുറന്‍സും ജോലിസ്ഥിരതയും ലഭിച്ചിട്ടില്ല.

താല്‍ക്കാലിക തൊഴിലാളികളാക്കുക എന്നത് കൗണ്‍സില്‍ യോഗത്തില്‍ പാസ്സാക്കി അയക്കുകയും ചെയ്തിരുന്നു. മറ്റു ആവശ്യങ്ങളില്‍ കൈയുറ, കോട്ട്, മാസ്‌ക് തുടങ്ങിയവയായിരുന്നു. എന്നാല്‍ പലതും പൂര്‍ണ്ണമായി അംഗീകരിച്ചിട്ടില്ല.

‘ഇന്‍ഷുറന്‍സ് മുമ്പ് ലഭിച്ചിരുന്നു. എന്നാല്‍ അതില്ലാതായിട്ട് വര്‍ഷങ്ങളായി. റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ അപകടം പറ്റിയ പുഷ്പയ്ക്ക് വാഹന ഇന്‍ഷുറന്‍സിന്റെ സഹായം ലഭിച്ചതല്ലാതെ വേറെയൊന്നും ലഭിച്ചിട്ടില്ല.’ ഖരമാലിന്യ സംസ്‌കരണ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ഗിരിജ പറയുന്നത്്. അതേസമയം ഇന്‍ഷുറന്‍സ് തുകയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പുഷ്പ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.

തൊഴിലാളികള്‍ക്ക് ഓണത്തിന് ബത്ത നല്‍കാമെന്നു പറഞ്ഞിട്ടും അത് പാലിച്ചിട്ടില്ല. ഏറ്റവും പെട്ടെന്ന് പകര്‍ച്ചവ്യാധികള്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ള മാലിന്യത്തൊഴിലാളികളാണ്. എന്നാല്‍ ഇതുവരെ ഇവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വന്നിട്ടില്ല.

 

എല്ലായിടത്തേയും മാലിന്യം വാരുമ്പോഴേക്കും ഇവര്‍ക്ക് കൂട്ടിനുണ്ടാവുക ത്വക് രോഗങ്ങളാണ്. വര്‍ഷങ്ങളായി പണിയെടുക്കുന്ന പലര്‍ക്കും ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അസുഖങ്ങള്‍ സ്ഥിരമായപ്പോള്‍ പലരും പണിനിര്‍ത്തുകയുമായിരുന്നു. പകര്‍ച്ചവ്യാധികള്‍ തൊഴിലാളികളെപ്പോലെ കുടുംബാംഗങ്ങളെയും ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ തൊഴില്‍ വിടാന്‍ തീരുമാനിച്ചത്.

ആരോഗ്യ സുരക്ഷയ്ക്ക് മതിയായ സൗകര്യങ്ങളില്ലാത്തതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ ജോലിചെയ്യുന്ന പകുതിയിലധികം പേരും വിട്ടുനില്‍ക്കുകയാണ്. തൊഴിലിനിടയില്‍ ഉപയോഗിക്കേണ്ട മാസ്‌ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തുന്ന പരാതി. കുടുംബശ്രീ മുഖാന്തിരം തെരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികളാണ് കോഴിക്കോട് ടൗണ്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേഷന്‍ പരിധിയില്‍ ശുചീകരണ പ്രക്രിയയില്‍ ഏര്‍പ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും ജോലിസ്ഥിരപ്പെടാത്തവരാണ്.

‘എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് മുഖാന്തിരം അഭിമുഖം നടത്തിയാലെ ഇവരെ സ്ഥിരപ്പെടുത്താന്‍ സാധിക്കുകയുള്ളു. കഴിഞ്ഞതവണ ബദല്‍ തൊഴിലാളികളായി വന്ന ഖരമാലിന്യ തൊഴിലാളികളുടെ യോഗ്യത നോക്കി അവരില്‍ യോഗ്യതയുള്ളവര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. അല്ലാതെ കോര്‍പ്പറേഷനു ഇവര്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുകയില്ല.’ തൊഴിലാളി യൂണിയന്‍ നേതാവ് പ്രസന്നന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഇവരെ സ്ഥിരപ്പെടുത്താന്‍ ഗവണ്‍മെന്റ് തന്നെ നിയമഭേദഗതി കൊണ്ടുവരേണ്ടതുണ്ട്. കഴിഞ്ഞ തവണ നടത്തിയ സമരത്തിന്റെ ഭാഗമായി ഇവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താമെന്നും വാഹനങ്ങള്‍ക്ക് ഡീസല്‍ത്തുക നല്‍കാമെന്നും വാക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പിലായിട്ടില്ലെന്നും പ്രസന്നന്‍ പറഞ്ഞു.

‘ഇവരുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി താല്‍ക്കാലികമായി ചിലത് ചെയ്തിട്ടുണ്ടെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടെന്ന് പറയാന്‍ കഴിയില്ല. ശമ്പള പരിഷ്‌കരണത്തില്‍ ഗ്ലൗസും റെയിന്‍കോട്ടും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടില്ല.’ പ്രസന്നന്‍ കൂട്ടിച്ചേര്‍ത്തു.

 

കേരളത്തില്‍ ഒരിടത്തും ശുചീകരണ തൊഴിലാളികള്‍ക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. ഇതേത്തുടര്‍ന്ന് തങ്ങള്‍ മേയര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥനത്തില്‍ ഗ്ലൗസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രസന്നന്‍ പറയുന്നു. മാസ്‌ക് നല്‍കാമെന്നു പറഞ്ഞെങ്കിലും കൊടുത്തിട്ടില്ല. ദിവസം ഉപയോഗിക്കാനുള്ള തുണി നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും പൊലീസുകാര്‍ ഉപയോഗിക്കുന്നത് പോലുള്ള മാസ്‌ക് ആണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

‘ഈ ആവശ്യങ്ങളുന്നയിച്ച് വീണ്ടും പരാതി നല്‍കാനാണ് ഞങ്ങള്‍ ഒരുങ്ങുന്നത്. മാലിന്യം നീക്കം ചെയ്യേണ്ട വാഹനങ്ങള്‍ എത്താനും വൈകുന്നുണ്ട്. ശമ്പള പരിഷ്‌കാരത്തിന്റെ ഭാഗമായി കിട്ടേണ്ട കുടിശ്ശികയും ഞങ്ങള്‍ക്കിതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് ഡിസംബര്‍ അഞ്ചിന് കോര്‍പ്പറേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചത്. പ്രസന്നന്‍ പറഞ്ഞു.

നേരത്തെ നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് അനുവദിക്കുമെന്ന് പറഞ്ഞിരുന്ന പലകാര്യങ്ങളും ലഭിച്ചിട്ടില്ലെന്നും സമരത്തിനിറങ്ങേണ്ട സാഹചര്യങ്ങളിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും ഖരമാലിന്യത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് സൂലൈമാനും വ്യക്തമാക്കി.

അതേസമയം കുടുംബശ്രീയുടെ കീഴില്‍ മാലിന്യ നിര്‍മാര്‍ജനതൊഴില്‍ ചെയ്യുന്നവര്‍ക്ക് മാസ്‌കും ഗ്ലൗസും ലഭിച്ചോ എന്നറിയില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ. നിയാസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ സി.ഐ.ടിയു നേതൃത്വത്തില്‍ മുന്‍പ് നടത്തിയ സമരം അഡ്ജസ്റ്റ്‌മെന്റ് സമരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘100 രൂപ മാസത്തില്‍ ഒരു വീട്ടില്‍ നിന്ന് കിട്ടിയിരുന്നത് പെട്ടെന്നൊരു ദിവസം 200 ആക്കിയാല്‍ ജനങ്ങള്‍ പ്രതിഷേധിക്കും. അതിനാണ് അവര്‍ സമരം നടത്തി തുക വര്‍ധിപ്പിച്ചത്. സി.ഐ.ടി.യും ഭരണകക്ഷിയും ചേര്‍ന്നുള്ള അഡ്ജസ്റ്റ്‌മെന്റ് സമരമായിരുന്നു അത്.’

എന്നാല്‍ തൊഴിലാളികള്‍ക്ക് 200 രൂപ ആക്കിയതില്‍ എതിര്‍പ്പൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീത്തൊഴിലാളികളില്‍ ഭൂരിപക്ഷവും സി.ഐ.ടി.യുക്കാരാണ്. തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നിയാസ് പറഞ്ഞു. സമരത്തിന്റെ അടിസ്ഥാനത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ വെച്ചിരുന്നു എന്ന് അറിയിക്കുകയോ അതെല്ലാം കൗണ്‍സിലില്‍ വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.
Advertisement