ക്യാമറയ്ക്ക് മുന്നിൽ പെട്ടെന്ന് പ്രതികരിക്കേണ്ടി വരുമ്പോൾ തനിക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ടെന്ന് നടി നിഖില വിമൽ. പ്രസ് മീറ്റുകൾ പോലുള്ള പരിപാടികൾക്ക് താൻ നേരത്തെ തയ്യാറായിട്ടായിരിക്കും എത്തുന്നതെന്നും, എന്നാൽ അപ്രതീക്ഷിതമായി ക്യാമറകൾക്ക് മുന്നിലെത്തേണ്ടി വരുമ്പോൾ ചോദ്യങ്ങൾക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ പോകാറുണ്ടെന്നും താരം പറഞ്ഞു. പുതിയ ചിത്രം ‘ധൂമകേതു’വിന്റെ പ്രസ് മീറ്റിനിടെയായിരുന്നു നിഖിലയുടെ പ്രതികരണം.

‘ചോദ്യങ്ങളെയൊന്നും പേടിച്ചിട്ടല്ല. ഇന്നലെയും ക്യാമറയായിട്ട് വന്നപ്പോ നിങ്ങളിൽ ആരോടൊക്കെയോ ഞാൻ പറഞ്ഞിരുന്നു. പെട്ടെന്ന് ക്യാമറയായിട്ട് ഇങ്ങനെ വരുമ്പോൾ എനിക്ക് അത് എന്റെ ഒരു പ്രൈവസി സ്പേസ് പോലെയാണ്. അത് എന്റെ പ്രശ്നമാണ്, നിങ്ങളുടെ പ്രശ്നമല്ല. നിങ്ങളോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയാത്തതിന്റെ പ്രശ്നമാണ്,’ നിഖില പറഞ്ഞു.

ധൂമകേതു. Photo. Screen Grab/ Youtube

മാധ്യമപ്രവർത്തകർക്ക് വേണ്ടത് സിനിമയുമായി ബന്ധപ്പെട്ട കണ്ടന്റാണെന്ന് തനിക്ക് അറിയാമെന്നും, ചില ചോദ്യങ്ങൾ തനിക്ക് ഇറിറ്റേറ്റിങ് ആയി തോന്നിയാലും അതിന്റെ പേരിൽ മാധ്യമങ്ങളോട് ദേഷ്യമൊന്നുമില്ലെന്നും താരം വ്യക്തമാക്കി.

‘എനിക്ക് അറിയാം നിങ്ങൾക്ക് വേണ്ടത് ഒരു കണ്ടന്റാണ്. അതിനകത്തുനിന്നാണ് നിങ്ങൾ ചോദിക്കുന്നത്. ചിലപ്പോൾ ചോദിക്കുന്ന ചോദ്യം ഭയങ്കര ഇറിറ്റേറ്റിങ് ആണെങ്കിലും റെസ്പോണ്ട് ചെയ്യാതിരിക്കുക എന്ന് പറയുമ്പോൾ അങ്ങ് രക്ഷപ്പെട്ടുപോകാലോ എന്നുള്ളതുകൊണ്ടാണ്. അല്ലാതെ നിങ്ങളോട് എന്തെങ്കിലും ദേഷ്യം ഉണ്ടായിട്ടൊന്നുമല്ല,’ നിഖില പറഞ്ഞു.

പ്രസ് മീറ്റ് പോലുള്ള സാഹചര്യങ്ങളിൽ താൻ മാനസികമായി തയ്യാറായിട്ടായിരിക്കും ക്യാമറയെ ഫേസ് ചെയ്യുന്നതെന്നും നിഖില കൂട്ടിച്ചേർത്തു. എന്നാൽ ഒരു ദിവസം പെട്ടെന്ന് കാറിൽ നിന്നിറങ്ങുമ്പോൾ നിരവധി ക്യാമറകൾ മുന്നിലെത്തി സംസാരിക്കാൻ ആവശ്യപ്പെടുന്നത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്നും താരം പറഞ്ഞു.

‘ഒരു പ്രസ് മീറ്റ് എന്ന് പറയുമ്പോൾ ഞാൻ പ്രിപ്പയർഡ് ആയിരിക്കും. അല്ലാതെ പെട്ടെന്ന് ഒരു ദിവസം കാറിൽ നിന്നിറങ്ങുമ്പോൾ ഒരു പത്ത് വീഡിയോ ക്യാമറകൾ വന്ന് നിൽക്കുക, ‘സംസാരിക്കൂ’ എന്ന് പറയുമ്പോൾ ചിലപ്പോൾ ഞാൻ അത്ര പ്രിപ്പയർഡ് ആയിരിക്കില്ല. അതുകൊണ്ടുള്ള ഒരു പ്രശ്നമാണ്. അത് എന്റെ പ്രശ്നമാണ്,’ നിഖില വ്യക്തമാക്കി.

നിഖില വിമൽ. Photo. Screen Grab/ Youtube

സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ധൂമകേതു’. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.

Content Highlight: Nikhila Vimal opens up about her fear of social media pages approaching her with cameras