അവറാച്ചൻ എന്ന പേരിന്റെ മോഡേൺ രൂപമാണ് 'അവിരാ'; ലാലുമാമൻ കഠിനാധ്വാനം ചെയ്യുന്ന ആളാണ്: നിഖിൽ നായർ
Malayalam Cinema
അവറാച്ചൻ എന്ന പേരിന്റെ മോഡേൺ രൂപമാണ് 'അവിരാ'; ലാലുമാമൻ കഠിനാധ്വാനം ചെയ്യുന്ന ആളാണ്: നിഖിൽ നായർ
നന്ദന എം.സി
Tuesday, 9th June 2026, 1:47 pm

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ദൃശ്യം 3. സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ വീണ്ടും ജോർജുകുട്ടിയായി എത്തിയപ്പോൾ ആരാധകർ സിനിമയെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

റിലീസിന് ശേഷം ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. അതേസമയം, സിനിമയിലെ ചില പുതുമുഖ താരങ്ങളും പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്.

ദൃശ്യം3, Photo; X.com

അത്തരത്തിൽ സോഷ്യൽ മീഡിയയിലും സിനിമാ പ്രേമികൾക്കിടയിലും ശ്രദ്ധ നേടിയ കഥാപാത്രമാണ് അവിര. ചിത്രത്തിൽ താരതമ്യേന കുറഞ്ഞ സ്ക്രീൻ ടൈം മാത്രമാണ് ലഭിച്ചതെങ്കിലും അവിര എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെടാൻ യുവതാരം നിഖിൽ നായർക്ക് കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ കഥാപാത്രത്തിന്റെ പേരിന് പിന്നിലെ കഥയും സിനിമയോടുള്ള തന്റെ സമീപനവും പങ്കുവെച്ചിരിക്കുകയാണ് താരം. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു നിഖിലിന്റെ പ്രതികരണം.

‘ഞാൻ ജീത്തു ചേട്ടനോട് അവിരാ എന്ന പേരിന്റെ അർത്ഥം എന്താണെന്ന് ചോദിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത്, അവിരാപ്പി, അവറാച്ചൻ തുടങ്ങിയ പഴയ പേരുകളുടെ ഒരു മോഡേൺ രൂപമാണ് അവിരാ എന്നായിരുന്നു,’ നിഖിൽ പറഞ്ഞു.

സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നെത്തിയ ഒരാളെന്ന നിലയിൽ സിനിമയിലേക്ക് കടക്കുമ്പോൾ പ്രത്യേക മുൻകരുതലുകൾ എടുത്തിരുന്നോയെന്ന ചോദ്യത്തിനും താരം മറുപടി നൽകി. കുടുംബാംഗങ്ങളിൽ നിന്ന് ലഭിച്ച ഉപദേശങ്ങളാണ് തന്റെ കരിയറിന് വഴികാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇപ്പോൾ ഞാൻ മോഹൻലാൽ സാർ ആകാൻ ശ്രമിക്കേണ്ട കാര്യമില്ല. ശ്രമിച്ചാലും അത് സാധിക്കില്ല. അതുപോലെ മറ്റാരെയെങ്കിലും അനുകരിച്ച് മുന്നോട്ട് പോകാനും കഴിയില്ല. ഓരോരുത്തർക്കും അവരുടേതായ യാത്രയുണ്ട്. സ്വന്തം വ്യക്തിത്വം കണ്ടെത്തി മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്,’ നിഖിൽ പറഞ്ഞു.

ദൃശ്യം3, Photo; X.com

മോഹൻലാലിനെക്കുറിച്ചും താരം സംസാരിച്ചു. ‘ലാലുമാമൻ വളരെ കഠിനാധ്വാനം ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിൽ വലിയ പരിശ്രമമുണ്ട്.

സിനിമയിൽ എത്തണമെങ്കിൽ ആദ്യം കഷ്ടപ്പെടാനും പഠിക്കാനും തയ്യാറാകണം എന്നതാണ് വീട്ടിൽ നിന്ന് എല്ലാവരും പറഞ്ഞിട്ടുള്ളത്. കഠിനാധ്വാനത്തിലൂടെയാണ് സിനിമയിൽ നിലനിൽക്കാൻ കഴിയുക,’ എന്നും നിഖിൽ കൂട്ടിച്ചേർത്തു.

ചെറിയ കഥാപാത്രമായിരുന്നിട്ടും ദൃശ്യം 3യിലെ അവിര എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. കഥാപാത്രത്തിന്റെ പേരിന് പിന്നിലെ കൗതുകകരമായ വിശദീകരണവും മോഹൻലാലിനെക്കുറിച്ചുള്ള നിഖിലിന്റെ വാക്കുകളും ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

Content Highlight: Nikhil Nair talk about Mohanlal

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.