traffic-delhi_625x300_51417076910

ന്യൂദല്‍ഹി: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം ദല്‍ഹിയില്‍ പത്തുവര്‍ഷത്തിനു മേല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ എത്രയും വേഗം റദ്ദാക്കാന്‍ നിര്‍ദ്ദേശം. ദല്‍ഹി റോഡ് ഗതാഗതവകുപ്പിനോടാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

മലിനീകരണ നിയന്ത്രണം നടപ്പിലാക്കാന്‍ ഏര്‍പ്പെടുത്തിയ ഗതാഗതനിയമങ്ങള്‍ ഫലപ്രദമായി നടക്കുന്നില്ല എന്ന പരാതി പരിഗണിക്കുകയായിരുന്നു കോടതി. 2000 സി.സിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ കാറുകളും എസ്.യു.വികളും കഴിഞ്ഞ ഡിസംബര്‍ മുതല്‍ അടുത്ത മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യുന്നത് മുമ്പ് സുപ്രീംകോടതി നിരോധിച്ചിരുന്നു.

ഡീസല്‍ ടാക്‌സികള്‍ സി.എന്‍.ജിയിലേക്ക് മാറ്റുകയും പത്തുവര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ട്രക്കുകള്‍ നിരോധിക്കാനും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഉത്തരവ് എത്രയും വേഗം നടപ്പിലാക്കാനും രജിസ്‌ട്രേഷന്‍ റദ്ദാക്കിയ വാഹനങ്ങളുടെ പട്ടിക ദല്‍ഹി ട്രാഫിക് പോലീസിന് കൈമാറാനും ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്്.

നിലവിലുള്ള നിരോധന ഉത്തരവുകള്‍ അധികൃതര്‍ ഏതു വിധേനയാണ് കൈകാര്യം ചെയ്തതെന്ന് അറിയാന്‍ കഴിഞ്ഞ ആഴ്ച ഡല്‍ഹി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. നിയമം ലംഘിച്ച 3000 കാറുകള്‍ പിടിച്ചെടുത്തുവെങ്കിലും പിന്നീട് അവ വിട്ടുകൊടുത്തുവെന്നുമാണ് ഇതിന് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രതികരണം.