റിയോഡി ജനീറോ: നെതര്‍ലണ്ടുമായുള്ള ബ്രസീലിന്റെ ലോകക്കപ്പ് മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്‌സ് ഫൈനല്‍ നേരില്‍ കാണാന്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൂപ്പര്‍ താരം നെയ്മറെത്തും. നെയ്മര്‍ കളി കാണാനെത്തുമെന്ന കാര്യം ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വക്താവ് റോഡിഗ്രോ പൈവയാണ്  സ്ഥിരീകരിച്ചത്. 

പതിമൂന്നിന് പുലര്‍ച്ചെ 1.30ന് ബ്രസീലിയയില്‍ നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ ടീമിനൊപ്പം നെയ്മറുമുണ്ടാവുമെന്ന് പൈവ റിയോഡി ജനീറോയില്‍ ഫെഡറേഷന്‍ ആസ്ഥാനത്ത് വച്ച് മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കി. കൊളംബിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടയിലാണ് നെയ്മറിന് പരിക്കേറ്റത്.

അവസാന നിമിഷം കൊളംബിയന്‍ പ്രതിരോധ നിര താരം സുനിഗയുടെ ചവിട്ടേറ്റ് നിലത്തു വീണ നെയ്മറുടെ നട്ടെല്ലിലെ കശേരുവിനായിരുന്നു പരിക്ക് പറ്റിയത്. ഗുരുതരമായ പരിക്കായതിനാല്‍ സൂപ്പര്‍ താരത്തിനോട് കളിക്കളത്തില്‍ വിട്ട നില്‍ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സ്വന്തം നാട്ടില്‍ നടക്കുന്ന ലോകക്കപ്പില്‍ കപ്പുയര്‍ത്താമെന്ന ബ്രസീലിന്റെ മോഹങ്ങളെല്ലാം നെയ്മറിന്റെ കാലിനെ ചുറ്റിപ്പറ്റിയായിരുന്നു. നെയ്മര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതോടെ ബ്രസീലിന്റെ കഥയും കഴിഞ്ഞു. സെമിയില്‍ ജര്‍മ്മനി 7-1 നാണ് ബ്രസീലിനെ നാണം കെടുത്തിയത്.

ഈ മത്സരം കാണാന്‍ നെയ്മര്‍ എത്തിയിരുന്നില്ല. കപ്പുയര്‍ത്താനായില്ലെങ്കിലും ഹോളണ്ടിനെതിരെയുള്ള മത്സരം ജയിച്ച് മൂന്നാം സ്ഥാനമെങ്കിലും സ്വന്തമാക്കാനാണ് ആതിഥേയരുടെ ലക്ഷ്യം. നെയ്മറിന്റെ സാന്നിദ്ധ്യം ടീമിനും ആരാധകര്‍ക്കും ആവേശമാകുമെന്നത് കണക്കിലെടുത്താണ് താരത്തെ സ്‌റ്റേഡിയത്തിലെത്തിക്കുന്നത്.