ലോകകപ്പ് ഫൈനലില്‍ അവര്‍ക്കെതിരെ ഗോളും അസിസ്റ്റും നേടും: പ്രവചനവുമായി നെയ്മര്‍
Football
ലോകകപ്പ് ഫൈനലില്‍ അവര്‍ക്കെതിരെ ഗോളും അസിസ്റ്റും നേടും: പ്രവചനവുമായി നെയ്മര്‍
Sudev A
Sunday, 17th May 2026, 3:15 pm

2026 ലോകകപ്പില്‍ തന്റെ പ്രകടനങ്ങള്‍ എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തി ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍. ലോകകപ്പ് ഫൈനലില്‍ ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടുമെന്നാണ് നെയ്മറുടെ പ്രവചനം. ഫൈനലില്‍ സ്‌പെയ്‌നിനെതിരെ 3-1ന് ബ്രസീല്‍ വിജയിക്കുമെന്നും നെയ്മര്‍ പ്രവചിച്ചു.

ഫൈനലില്‍ ബ്രസീലിനൊപ്പമുള്ള തന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചും നെയ്മര്‍ ധീരമായ പ്രവചനം നടത്തി. പത്രപ്രവര്‍ത്തകനായ ബ്രൂണോ ഫോര്‍മിഗയുമായുള്ള അഭിമുഖത്തിനിടെയാണ് നെയ്മറുടെ പ്രവചനം. നെയ്മറുടെ ഈ വമ്പന്‍ പ്രവചനം ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഫുട്‌ബോളില്‍ തന്റെ കരിയറില്‍ ഒരിക്കലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനായിരിക്കും നെയ്മര്‍ ഇത്തവണ കളത്തിലിറങ്ങുന്നത്. ബ്രസീലിന് വേണ്ടി 128 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് നെയ്മര്‍. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന നേട്ടവും താരത്തിനുണ്ട്. കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പ്, ഒളിമ്പിക് ഗോള്‍ഡ് എന്നീ കിരീടങ്ങള്‍ നെയ്മര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ലോകകപ്പ് അടുത്തെത്തി നില്‍ക്കെ നിലവില്‍ ഫിറ്റ്നസാണ് താരത്തിന് വെല്ലുവിളിയായിരിക്കുന്നത്. 2023 ഒക്ടോബറില്‍ ബ്രസീലിനായി അന്താരാഷ്ട്ര മത്സരത്തില്‍ കളിക്കുമ്പോള്‍ നെയ്മറിന് പരിക്ക് പറ്റിയിരുന്നു. ഇതിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം കളത്തിലേക്ക് തിരിച്ചെത്തിയ നെയ്മറെ തേടി വീണ്ടും പരിക്ക് എത്തുകയായിരുന്നു.

സൗദി ക്ലബ്ബ് അല്‍ ഹിലാലില്‍ നിന്ന് സാന്റോസിലേക്ക് താരം കൂടുമാറിയെങ്കിലും സീസണിലുടനീളം പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും നെയ്മറിന് തിരിച്ചടിയായി. എങ്കിലും നെയ്മര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഇടം പിടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ചരിത്രത്തിലെ ആറാം ലോക കിരീടം ലക്ഷ്യം വെച്ചാണ് ബ്രസീല്‍ ഇത്തവണ ഇറങ്ങുന്നത്. ഇതിഹാസ പരിശീലകന്‍ ആന്‍സലോട്ടിയിലാണ് ബ്രസീലിന്റെ എല്ലാ പ്രതീക്ഷകളും. ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ വിദേശ പരിശീലകനാണ് ആന്‍സലോട്ടി.

2002ലാണ് ബ്രസീല്‍ അവസാനമായി ലോകകപ്പ് നേടിയത്. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീല്‍ ലോകത്തിന്റെ നെറുകയിലെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ ഗ്രൂപ്പ് സി-യിലാണ് ബ്രസില്‍ ഇടം നേടിയിരിക്കുന്നത്. ഹെയ്തി, മൊറാക്കോ, സ്‌കോട്‌ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Content Highlight: Neymar make a big prediction of his performance in 2026 world cup

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.