വെല്ലിങ്ടണ്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡില്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയത് മുസ്‌ലിം വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ പാരായണം ചെയ്ത്. ഇമാം നിസാമുല്‍ ഹഖ് തന്‍വിയാണ് പ്രാര്‍ഥന ചൊല്ലിയത്.

സമ്മേളനത്തെ അസ്സലാമു അലൈക്കും (നിങ്ങള്‍ക്ക് ഏവര്‍ക്കും ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ) എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡണ്‍ അഭിസംബോധന ചെയ്തത്. ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് അവര്‍ പറഞ്ഞു.

അക്രമിയുടെ പേര് പറയില്ലെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. അയാള്‍ കുപ്രസിദ്ധിയായിരിക്കും ആഗ്രഹിച്ചിരിക്കുകയെന്നും എന്നാല്‍ ന്യൂസിലാന്‍ഡില്‍ അയാള്‍ക്ക് ഒന്നും നല്‍കില്ല. പേരും പോലും പറയില്ല. പ്രധാനമന്ത്രി പറഞ്ഞു.

ഭീകരവാദപ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യമായ ന്യൂസിലാന്‍ഡില്‍ 2017ല്‍ (അവസാനം പുറത്തു വിട്ട കണക്കുകള്‍) 35 കൊലപാതക കേസുകളാണുണ്ടായിരുന്നത്. വെള്ളിയാഴ്ച കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന 4 വയസുകാരിയടക്കം 40 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തോക്ക് കൈവശം വെക്കുന്നതിനുള്ള നിയമം മാറ്റുമെന്ന് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞിരുന്നു. അമേരിക്കയില്‍ വിവിധ കൂട്ടക്കൊലകള്‍ക്ക് ഉപയോഗിച്ച ar-15 എന്ന സെമി ഓട്ടോമാറ്റിക് വിഭാഗത്തില്‍പ്പെട്ട തോക്കിന്റെ ലൈസന്‍സാണ് ക്രൈസ്റ്റ്ചര്‍ച്ച് ഭീകരവാദിയ്ക്ക് ന്യൂസിലാന്‍ഡില്‍ ഉണ്ടായിരുന്നത്.