ഇനിയങ്ങോട്ട് മൊത്തം സഹനടന്‍ റോള്‍ മാത്രമേയുള്ളോ? കൈയിലുള്ളതെല്ലാം വലിയ സിനിമകള്‍, നസ്‌ലെന്റെ ലൈനപ്പ് കണ്ട് അന്തം വിട്ട് സിനിമാപേജുകള്‍
Malayalam Cinema
ഇനിയങ്ങോട്ട് മൊത്തം സഹനടന്‍ റോള്‍ മാത്രമേയുള്ളോ? കൈയിലുള്ളതെല്ലാം വലിയ സിനിമകള്‍, നസ്‌ലെന്റെ ലൈനപ്പ് കണ്ട് അന്തം വിട്ട് സിനിമാപേജുകള്‍
അമര്‍നാഥ് എം.
Tuesday, 9th June 2026, 6:30 pm

ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് സ്വയം അടയാളപ്പെടുത്തിയ നടനാണ് നസ്‌ലെന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധ നേടിയ നസ്‌ലെന്‍ പിന്നീട് വളരെ വേഗത്തില്‍ മോളിവുഡിന്റെ മുന്‍നിരയിലേക്ക് കയറിവന്നു. പ്രേമലുവിലൂടെ കേരളത്തിന് പുറത്തും റീച്ച് നേടാന്‍ താരത്തിന് സാധിച്ചു. മോഹന്‍ലാലിന് ശേഷം സോളോ ഹീറോയായി 100 കോടി ക്ലബ്ബില്‍ കയറിയ നടനായി നസ്‌ലെന്‍ മാറി.

പ്രേമലുവിന് ശേഷവും വളരെ ശ്രദ്ധയോടെയാണ് താരം തന്റെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ലോകഃ ഇന്‍ഡസ്ട്രി ഹിറ്റായയതിന് ശേഷം നസ്‌ലെന്റേതായി തിയേറ്ററുകളിലെത്തിയ മോളിവുഡ് ടൈംസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിനീത് മാധവന്‍ എന്ന കഥാപാത്രമായി കരിയര്‍ ബെസ്റ്റ് പ്രകടനമാണ് നസ്‌ലെന്‍ പുറത്തെടുത്തത്.

മോളിവുഡ് ടൈംസിന് ശേഷവും നസ്‌ലെന്‍ ശ്രദ്ധാപൂര്‍വമാണ് ഓരോ സിനിമയും തെരഞ്ഞെടുക്കുന്നതെന്ന് ലൈനപ്പിലൂടെ വ്യക്തമാണ്. വമ്പന്‍ സിനിമകളാണ് താരത്തിന്റെ ലൈനപ്പിലുള്ളത്. എന്നാല്‍ ഇതിലെല്ലാം സഹനടന്‍ റോളാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. വമ്പന്‍ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയില്‍ ശക്തമായ വേഷമാണ് നസ്‌ലെന്റേത്.

ആദ്യമായി മലയാളത്തിന് പുറത്ത് ചെയ്യുന്ന സൂര്യ 47 ആണ് ഇതില്‍ പ്രധാനപ്പെട്ട പ്രൊജക്ട്. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യക്കൊപ്പം ശക്തമായ വേഷമാണ് നസ്‌ലെന്റേത്. ഇതുവരെ ചെയ്യാത്ത തരത്തില്‍ ക്രേസിയായിട്ടുള്ള വേഷമാകും ഇതെന്ന് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മമ്മൂട്ടി- ഖാലിദ് റഹ്‌മാന്‍ കോമ്പോയിലൊരുങ്ങുന്ന മട്ടാഞ്ചേരി മാഫിയയാണ് ലൈനപ്പിലെ അടുത്ത ബിഗ്ഗി. അനൗണ്‍സ്‌മെന്റ് ഹൈപ്പിന്റെ കൊടുമുടിയില്‍ കയറിയ മട്ടാഞ്ചേരി മാഫിയയില്‍ ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് കരുതുന്നത്.

അമല്‍ നീരദിന്റെ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിലും നസ്‌ലെന്റെ സാന്നിധ്യമുണ്ട്. നസ്‌ലെന് പുറമെ സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ചന്തു സലിംകുമാര്‍, സജിന്‍ ഗോപു എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ടൊവിനോയുടെ അതിഥിവേഷവും ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിനെ സ്‌പെഷ്യലാക്കുന്നുണ്ട്. ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്കയിലും നസ്‌ലെന്‍ ഭാഗമാണ്. ഗാറ്റ്‌സ്ബി എന്നാണ് കഥാപാത്രത്തിന്റെ പേര്.

സോളോ ഹീറോയായി കഴിവ് തെളിയിച്ച നസ്‌ലെന്‍ ഇനി വമ്പന്‍ സിനിമകളുടെ ഭാഗമാകുന്നത് സ്റ്റാര്‍ഡത്തിന് ഗുണം ചെയ്യുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. നായകനൊപ്പം കട്ടക്ക് സ്‌കോര്‍ ചെയ്യുന്ന നസ്‌ലെന്റെ പ്രകടനത്തിന് കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Naslen is going to part of four big budget films in supporting role

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം